നെറ്റിയില്‍ 'രൂപയുടെ ചിഹ്ന'വുമായി ജനനം ; നാട്ടില്‍ താരമായി 'മണിക്കുട്ടന്‍'
കാസർകോട്:നെറ്റിയിൽ രൂപയുടെ ചിഹ്നത്തിന്‍റേതിന് സമാനമായ അടയാളവുമായി ജനിച്ച പശുക്കിടാവ് കൗതുകമാകുന്നു. നീലേശ്വരം തൈക്കടപ്പുറം സ്വദേശി ഇ.ശശിധരന്‍റെ വീട്ടിൽ കടിഞ്ഞൂൽ പ്രസവത്തിൽ ജനിച്ച പശുക്കിടാവിന്‍റെ നെറ്റിയിലാണ് രൂപയുടെ ചിഹ്നത്തിന്‍റേതുമാതിരി അടയാളമുള്ളത്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് 'സുന്ദരി'യുടെ കടിഞ്ഞൂൽ പ്രസവം. ജനിച്ചപ്പോൾ തന്നെ പശുക്കുട്ടിയുടെ നെറ്റിയിൽ ഒരു വെള്ള നിറം ഉണ്ടായിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ രൂപയുടെ അടയാളത്തിന് സമാനമായെന്ന് വീട്ടുകാർ പറയുന്നു. നെറ്റിയിൽ രൂപയുടെ രൂപം പോലുള്ളതുമായി പിറന്നവന് പേരിടാൻ വീട്ടുകാർക്ക് കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല. മണിക്കുട്ടൻ എന്ന പേരുതന്നെ വച്ചു. മണിക്കുട്ടനെ കാണാൻ നിരവധി പേരാണ് എത്തുന്നത്.കർഷകനായ ശശിധരൻ കഴിഞ്ഞ 50 വർഷമായി പശുക്കളെ വളർത്തുന്നുണ്ട്. പശുക്കുട്ടിയുടെ ഫോട്ടോ വെറ്ററിനറി ഡോക്‌ടർക്ക് അയച്ചുകൊടുത്തിരുന്നു. ഇങ്ങനെ ഒരെണ്ണത്തെ ആദ്യമായാണ് കാണുന്നതെന്ന് ഡോക്‌ടറും വിലയിരുത്തി. അച്ഛനും അമ്മയും നോക്കിപ്പോന്ന പശുക്കളെ കൈമാറ്റം ചെയ്യാതെ പരിപാലിച്ചുവരികയാണ് നിലവില്‍ ശശിധരൻ. അങ്ങനെ അഞ്ചാമത്തെ തലമുറയിലാണിപ്പോൾ മണിക്കുട്ടന്‍റെ പിറവി. ഭാര്യ ശ്രീനയും മകൾ വൃന്ദയും വീട്ടിലെ അംഗത്തെ പോലെയാണ് മണിക്കുട്ടനെ വളർത്തുന്നത്. ജില്ലയിലെ മികച്ച ജൈവ കർഷകനും പച്ചക്കറി കർഷകനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ ശശിധരൻ തീരപ്രദേശത്ത് ചെയ്‌ത സൂര്യകാന്തി കൃഷിയും ശ്രദ്ധയാകർഷിച്ചിരുന്നു.