'കുത്തിയ കൊടി അഴിച്ചു മാറ്റില്ലെന്ന് സിഐടിയു'; കോടതി വിധി അനുകൂലമായിട്ടും ബസ് ഓടിക്കാനാവാതെ ഉടമ - CITU protest
കോട്ടയം :തൊഴിൽ തർക്കത്തെ തുടർന്ന് നിർത്തി വച്ച ബസ് സർവീസ് പുനരാരംഭിക്കാൻ കോടതി വിധിയുണ്ടായിട്ടും ബസ് ഓടിക്കാനാവാതെ ഉടമ. ബസിൽ കുത്തിയ കൊടി അഴിച്ചു മാറ്റാൻ സിഐടിയു സമ്മതിക്കാത്തതാണ് കാരണം. കോട്ടയം തിരുവാർപ്പിലാണ് രാജ്മോഹന്‍റെ ഉടമസ്ഥതയിലുള്ള ബസിന്‍റെ യാത്ര സിഐടിയു തടസപ്പെടുത്തിയത്.
ബസ് സർവീസ് നടത്താൻ സംരക്ഷണം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ ഇന്നും സർവീസ് നടത്താൻ സിഐടിയു അനുവദിച്ചില്ലെന്ന് ഉടമ രാജ്മോഹൻ പറഞ്ഞു. ജൂണ്‍ 19 മുതലാണ് ശമ്പള വർധന ആവശ്യപ്പെട്ട് സിഐടിയു ബസിന് മുന്നിൽ കൊടികുത്തി സമരം ആരംഭിച്ചത്.
ഇതിനിടെ ബസ് ഉടമ രാജ്മോഹൻ ബസിന് മുന്നിൽ ഇരുന്ന് ലോട്ടറി കച്ചവടം ചെയ്‌ത് പ്രതിഷേധിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. അതേസമയം തൊഴിൽ തടസം സൃഷ്‌ടിച്ചിട്ടില്ലെന്നാണ് സിഐടിയുവിന്‍റെ വാദം. സമരം രമ്യമായും ന്യായമായും പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സിഐടിയു നേതാവ് പിജെ വർഗീസ് പറഞ്ഞു.
അതേസമയം ലേബർ ഓഫിസിൽ നിന്നുളള നിർദേശം അനുസരിച്ചാണ് കൂലി നൽകിയിരുന്നതെന്നും, സിഐടിയുവിന്‍റെ നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും ഉടമ രാജ്മോഹനും വ്യക്‌തമാക്കി. തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങളും തമ്മിൽ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ തിങ്കളാഴ്‌ച ചർച്ച നടത്തും.