ഓടിക്കൊണ്ടിരിക്കെ റോഡ് ഇടിഞ്ഞ് ബസ് താഴേക്ക്, മണ്‍കൂനയില്‍ തങ്ങിനിന്നത് അത്‌ഭുതകരമായി; 12 പേർക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം - റോഡ് ഇടിഞ്ഞ് ബസ് അപകടം
ഷിംല: മാണ്ഡിയിലെ റോഡ് ഇടിഞ്ഞ് ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. എട്ട് പേരുടെ പരിക്കുകൾ നിസാരമാണ്. സുന്ദർനഗർ യൂണിറ്റിൽ നിന്നുള്ള ബസാണ് ഷിലംയിലേക്കുള്ള യാത്രാമധ്യേ അപകടത്തിൽപ്പെട്ടത്. മാണ്ഡി ജില്ലയിലെ റോഡ് ഇടിഞ്ഞതോടെ ബസ് മറിയുകയായിരുന്നു. എന്നാൽ ഇടിഞ്ഞുവീണ മൺകൂനയ്‌ക്ക് മുകളിൽ ബസ് തങ്ങി നിന്നു. ബസ് കൂടുതൽ താഴ്‌ചയിലേക്ക് മറിയാതിരുന്നത് അപകടത്തിന്‍റെ വ്യാപ്‌തി കുറച്ചു. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. പല റോഡുകളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്തെ 200ലധികം റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ഈ റോഡുകളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ആറ് വയസുകാരൻ മരിച്ചിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇവർ സഞ്ചരിച്ച കാറിന് മുകളിലേക്ക് കൂറ്റൻ പാറകളും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു. കാറിനുള്ളിൽ രണ്ട് കുട്ടികളടക്കം നാല് പേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.
Also read :അഹമ്മദാബാദിൽ മിനി ട്രക്ക് വലിയ ട്രക്കിനു പിന്നിൽ ഇടിച്ച് അപകടം; 10 പേർക്ക് ദാരുണാന്ത്യം