'കൊയിലാണ്ടിയില്‍ വയലില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്‌ടങ്ങൾ പെയിന്‍റിങ് തൊഴിലാളിയുടേത്' ; തിരിച്ചറിഞ്ഞ് ഭാര്യ - മൃതദേഹ ഭാഗങ്ങൾ കൊയിലാണ്ടി
കോഴിക്കോട് :കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഊരള്ളൂര്‍ സ്വദേശി രാജീവനാണ് (54) മരിച്ചത്. ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹ ഭാഗങ്ങൾ ലഭിച്ച സ്ഥലത്ത് നിന്ന് തന്നെ ചെരിപ്പും വസ്ത്രത്തിന്‍റെ ഭാഗവും കണ്ടെത്തിയിരുന്നു. ഇത് കണ്ടാണ് മൃതദേഹം രാജീവന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. പെയിന്‍റിങ് തൊഴിലാളിയാണ് മരിച്ച രാജീവൻ. ഇയാളുടെ ഫോണും സംഭവസ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണോ എന്നത് വിശദമായ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂ എന്ന് കോഴിക്കോട് റൂറൽ എസ്‌പിയുടെ ചുമതലയുള്ള കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ ഐപിഎസ് അറിയിച്ചു. പൊലീസ് നായ മണം പിടിച്ച് ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് ഓടിക്കയറിയിരുന്നു. ഈ വീട്ടിലെ സിസിടിവി തകര്‍ത്ത നിലയിലുമാണ്. മൃതദേഹ ഭാഗങ്ങൾക്ക് 3-4 ദിവസങ്ങളുടെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. രാജീവനെ കുറച്ച് ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇന്ന് (ഓഗസ്റ്റ് 13) രാവിലെയാണ് ഊരള്ളൂർ - നടുവണ്ണൂർ റോഡിനോട് ചേര്‍ന്നുള്ള വയലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ഊരള്ളൂർ ടൗൺ കഴിഞ്ഞ് അര കിലോമീറ്റർ മാറിയുള്ള വയലാണ് ഇത്. ആദ്യം കാലിന്‍റെ ഭാഗമാണ് കത്തിക്കരിഞ്ഞ നിലയിൽ നാട്ടുകാർ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വയലിന്‍റെ തന്നെ മറ്റൊരു ഭാഗത്തുനിന്ന് അരയ്‌ക്ക് മുകളിലേക്കുള്ള ശരീര ഭാഗം കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കുറുക്കന്‍റെയും പട്ടിയുടെയുമൊക്കെ വിഹാര കേന്ദ്രമാണ് ഈ വയൽ. അതുകൊണ്ടുതന്നെ ശരീരം കടിച്ചുമുറിച്ച് പല ഭാഗങ്ങളിലായി മൃഗങ്ങൾ കൊണ്ടിട്ടതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ കേന്ദ്രം കൂടിയാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലമെന്നും നാട്ടുകാർ ആരോപിക്കുന്നു.