'കാളയുണ്ട് സൂക്ഷിക്കണം'; വിവാഹവേദിയില്‍ അതിക്രമിച്ചെത്തി 'കാളപ്പോര്' വീഡിയോ വൈറല്‍
സൂറത്ത്: കന്നുകാലികള്‍ റോഡില്‍ സ്ഥാനം പിടിക്കുന്നത് ഗുജറാത്തില്‍ നിത്യകാഴ്‌ചയാണ്. ഇവയില്‍ ചില കന്നുകാലികള്‍ ചിലരുടെയെല്ലാം പുരയിടത്തിലും മറ്റും അതിക്രമിച്ച് കയറാറുമുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം രണ്ട് കാളകള്‍ കയറി അലങ്കേലപ്പെടുത്തിയത് ഒരു വിവാഹ ചടങ്ങാണ്.
അമ്രേലി ജില്ലയിലെ ചലാല ഗ്രാമത്തിലാണ് സംഭവം. വധൂ വരന്മാര്‍ വിവാഹ വേദിയിലെത്തും മുമ്പേ കാളകള്‍ സ്ഥാനം പിടിച്ചിരുന്നു. വൃത്തിയായി അലങ്കരിച്ച മണ്ഡപത്തിനകത്ത് ഇവര്‍ കാളപ്പോരും ആരംഭിച്ചു. ഇതോടെ നവമിഥുനങ്ങളെ കാണാനുള്ള ആളുകളെല്ലാം കാളകളുടെ വട്ടം കൂടി. ചിലരെല്ലാം അതും മൊബൈല്‍ കാമറയിലും പകര്‍ത്തി. വിവാഹാന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കാറുള്ള വാദ്യോപകരണങ്ങളുടെ സ്വരങ്ങളെക്കാള്‍ 'കാളയുണ്ട് സൂക്ഷിക്കണം' എന്ന മുന്നറിയിപ്പ് ഉയര്‍ന്നുകേള്‍ക്കാമായിരുന്നു.
എന്നാല്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ താലിചാര്‍ത്താന്‍ കഴിയുമോ എന്നുപോലും ബന്ധുക്കള്‍ ശങ്കിച്ചുപോയി. ഒടുക്കം വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന പൂജാരിമാരും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് കതിര്‍മണ്ഡപത്തിലെ ചടങ്ങ് പൂര്‍ത്തിയാക്കി. ഈ സമയത്തും വേദിക്ക് താഴെയായി ഇരിക്കേണ്ടവര്‍ക്ക് പകരം കാളപ്പേരും ചുറ്റിലും അതുകാണാനുള്ള ജനങ്ങളെയും വ്യക്തമായി കാണാമായിരുന്നു. മണ്ഡപത്തില്‍ അരങ്ങേറിയ കാളപ്പോരിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും തന്നെ പരിക്കുകളില്ല.