കളമശ്ശേരിയില്‍ 16 കാരന് ക്രൂരമർദനം ; അമ്മയും സുഹൃത്തും അമ്മൂമ്മയും അറസ്‌റ്റിൽ - boy was brutally beaten by his family
എറണാകുളം : കളമശ്ശേരിയില്‍ പതിനാറുകാരന് വീട്ടുകാരുടെ ക്രൂരമർദനം. കുട്ടിയുടെ അമ്മയും സുഹൃത്തും അമ്മൂമ്മയും ചേർന്ന് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയും ശരീരത്തിൽ കത്രിക കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്‌തു. സംഭവത്തിൽ കുട്ടിയുടെ അമ്മയായ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളർമതി എന്നിവരെ കളമശ്ശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തു.
അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് പ്രതികൾ പതിനാറുകാരനെ ഇരുമ്പ് വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ്‌നാട് സ്വദേശിയായ രജേശ്വരിയും മക്കളും അമ്മ വളർമതിയും കഴിഞ്ഞ ഇരുപത് വർഷത്തോളമായി കളമശ്ശേരിയില്‍ താമസിച്ച് വരികയായിരുന്നു. രാജേശ്വരിയുടെ മൂന്ന് മക്കളിൽ മൂത്ത മകനാണ് മർദനമേറ്റ പതിനാറുകാരൻ.
പരിക്കേറ്റ കുട്ടിയെ കഴിഞ്ഞ ദിവസം കുട്ടിയുടെ മുത്തച്ഛൻ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഒരു കൈ ഒടിഞ്ഞ നിലയിലും മറ്റേ കൈക്ക് മർദനമേറ്റ് നീര് വന്ന നിലയിലുമായിരുന്നു. ശരീരമാസകലം മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
ഇതേതുടർന്നാണ് താൻ നേരിട്ട ക്രൂരത കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് ബാലാവകാശ സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ ഇന്ന് രാവിലെയാണ് നെടുമ്പാശ്ശേരിയിലെ ലോഡ്‌ജിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.