Boat carrying children capsizes in Bihar : ബിഹാറിൽ 30 കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞു, 20 പേരെ രക്ഷപ്പെടുത്തി, 10 പേരെ കാണാതായി
Published : Sep 14, 2023, 4:37 PM IST
പട്‌ന : ബിഹാറിലെ മുസാഫർപുർ ജില്ലയിൽ 30 കുട്ടികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് (Boat carrying children capsizes in Bihar) 10 പേരെ കാണാതായി. 20 കുട്ടികളെ രക്ഷപ്പെടുത്തിയതായാണ് വിവരം. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. മുസാഫർപുർ ജില്ലയിൽ ബാഗ്‌മതി നദിയോട് ചേർന്ന് മധുപൂർപട്ടി ഘട്ടിന് സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ പ്രദേശത്തെ വിദ്യാർഥികൾ ബോട്ടിൽ സ്‌കൂളിലേയ്‌ക്ക് പോകും വഴി ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (Bihar Chief Minister Nitish Kumar ) അപകടത്തിൽ സമഗ്രമായ അന്വേഷണത്തിന് ജില്ല മജിസ്‌ട്രേറ്റിന് നിർദേശം നൽകി. കൂടാതെ അപകടത്തിൽപ്പെട്ട കുട്ടികളുടെ കുടുംബത്തിന് സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബെനിയാബാദ് ഒപി പൊലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്), നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്) എന്നീ സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം, അപകടത്തിന്‍റെ കാരണം അന്വേഷിച്ച് വരികയാണ്. ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റിയതായും നദിയുടെ ഒഴുക്കും അപകടത്തിന് കാരണമായതായി സംശയിക്കുന്നുണ്ട്.