സുവര്‍ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; അഞ്ച് പേര്‍ അറസ്റ്റില്‍, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് പിടിയിലായവര്‍
അമൃത്‌സർ: സുവര്‍ണ ക്ഷേത്രത്തിന് (ശ്രീ ഹരിമന്ദർ സാഹബ്) സമീപം വീണ്ടും സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ അഞ്ച് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു.
ശ്രീ ഗുരു രാംദാസ് സാറയുടെ ഇടനാഴിക്ക് സമീപമായിരുന്നു സ്‌ഫോടനം. പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ചാണ് ഇവര്‍ സ്‌ഫോടനം നടത്തിയത്. പൊട്ടിത്തെറിയുടെ ശബ്‌ദം കേട്ട് ഹോട്ടലുകളിൽ താമസിച്ചിരുന്ന തീർഥാടകര്‍ ഭയന്ന് പുറത്തിറങ്ങി. സ്‌ഫോടനം പ്രദേശത്ത് പരിഭ്രാന്തി സൃഷ്‌ടിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ശിരോമണി കമ്മിറ്റി ഭാരവാഹികള്‍ സ്‌ഫോടനം നടന്ന സ്ഥലത്തെത്തി. സംഭവ സ്ഥലത്തെത്തിയ പൊലീസ് അവിടെ നിന്ന് ഒരു കത്ത് കണ്ടെടുത്തു. പൊലീസ് കമ്മിഷണർ നൗനിഹാൽ സിങ്ങും സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.
മെയ് ആറിനും സമാനമായ രീതിയില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. എന്നാല്‍ പ്രദേശത്ത് ഉണ്ടായത് ബോംബ് സ്‌ഫോടനമല്ലെന്നും സമീപത്തുണ്ടായിരുന്ന ഭക്ഷണശാലയുടെ ചിമ്മനി പൊട്ടിത്തെറിച്ചതാണെന്നും സംഭവത്തില്‍ പൊലീസ് വ്യക്തമാക്കി. പൊടുന്നനെ സ്‌ഫോടനം ഉണ്ടാകുകയും പിന്നാലെ വലിയ തീപന്തം രൂപപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ഗ്ലാസ് ഉള്‍പ്പടെയുള്ള വസ്‌തുക്കള്‍ വന്ന് ദേഹത്ത് തറച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.