മാസങ്ങളായി പശുക്കളെ വേട്ടയാടി കൊന്നുതിന്നു; ഒടുവില്‍ കരിമ്പുലി വനം വകുപ്പിന്‍റെ കൂട്ടില്‍ - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ഉത്തര കന്നഡ:കഴിഞ്ഞ നാല് മാസത്തിലേറെയായി പശുക്കളെ വേട്ടയാടി കൊന്നു തിന്നുന്ന കരിമ്പുലിയെ പിടികൂടി വനം വകുപ്പ് അധികൃതര്‍. ഹൊന്നാവര്‍ താലൂക്കിലെ സല്‍കോഡ- അരങ്കാഡി പ്രദേശത്തെ മലമുകളില്‍ മേയാന്‍ വിട്ട പശുക്കള്‍ അപ്രതീക്ഷമാകുകയായിരുന്നു. ഏറെ നാളുകളായി പശുക്കള്‍ കാണാതാവുന്നത് ആവര്‍ത്തിച്ചപ്പോള്‍ പിന്നില്‍ പുലിയാണെന്ന് മനസിലാക്കിയ പ്രദേശവാസികള്‍ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും തുടര്‍ന്ന് കരിമ്പുലിയെ പിടികൂടാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍, കരിമ്പുലിയെ മാത്രം പ്രദേശവാസികള്‍ കണ്ടിരുന്നില്ല. കുറച്ച് നാളുകളായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കരിമ്പുലിയെ പിടികൂടുവാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി പശുക്കളെ കൊന്ന സ്ഥലത്ത് തന്നെ ഉദ്യോഗസ്ഥര്‍ കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
നീണ്ട നാളത്തെ പരിശ്രമത്തിനൊടുവില്‍ കഴിഞ്ഞ ദിവസം കരിമ്പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടു. കൂട്ടിലകപ്പെട്ട കരിമ്പുലിയ്‌ക്ക് നാല് വയസാണ് ഉള്ളത്. എന്നാല്‍, ഇത് ആണ്‍പുലിയാണോ പെണ്‍പുലിയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
നിലവില്‍ കൂട്ടിലകപ്പെട്ട കരിമ്പുലിയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ രാത്രിയോടു കൂടിതന്നെ വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് നിന്നും പുലിയെ മാറ്റിയിരുന്നു. പുലിയെ പിടികൂടി മൃഗശാലയില്‍ അടയ്‌ക്കുന്നതിന് പകരം വനം വകുപ്പ് അധികൃതര്‍ ഇവയെ അടുത്തുള്ള വനത്തില്‍ മാറ്റിപാര്‍പ്പിക്കുകയാണ്.
ഇതേതുടര്‍ന്നാണ് പ്രദേശത്ത് പുലിയുടെ ആക്രമണം അന്ത്യമില്ലാതെ തുടരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. അതിനാല്‍ തന്നെ പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുവാനും കരിമ്പുലിയെ മൃഗശാലയിലേക്ക് മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാല്‍, കഴിഞ്ഞ ദിവസം പിടികൂടിയ കരിമ്പുലിയെ എവിടേക്കാണ് മാറ്റിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കരിമ്പുലി കൂട്ടില്‍ അകപ്പെട്ട വിവരം ലഭിച്ചയുടന്‍ തന്നെ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരം അറിഞ്ഞ് പ്രദേശത്തുള്ളവര്‍ സ്ഥലത്തെത്തി പുലിയെ കാണാന്‍ വരികയും പുലിയുടെ വീഡിയോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. ഈ സമയം, പുലി ജനങ്ങള്‍ക്ക് നേരെ അലറിയിരുന്നു.
കരിമ്പുലി അലറുന്നത് കേട്ട് ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ന്നിരുന്നു. തുടര്‍ന്ന്, ആളുകള്‍ വീഡിയോ എടുക്കുന്നത് അവസാനിപ്പിച്ചിരുന്നു. എന്നാല്‍, മറ്റ് ചിലര്‍ കരിമ്പുലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.