കേരളം

kerala

മന്ത്രി ആര്‍.ബിന്ദുവിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍

By

Published : May 19, 2023, 3:56 PM IST

ETV Bharat / videos

യൂണിയന്‍ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ട വിവാദം; മന്ത്രി ആര്‍ ബിന്ദുവിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍

കാസർകോട്: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന് നേരെ കരിങ്കൊടി പ്രതിഷേധം. കാസർകോട് അണങ്കൂരിൽ വച്ചാണ് കെഎസ്‌യു പ്രവർത്തകർ മന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചത്. കാട്ടാക്കട ക്രിസ്ത്യൻ കോളജ് എസ്എഫ്ഐ ആൾമാറാട്ട വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രതിഷേധം.

സംഭവത്തില്‍ കെഎസ്‌യു ജില്ല പ്രസിഡന്‍റ് ജവാദ് പുത്തൂർ ഉൾപ്പടെ രണ്ട് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി ആര്‍.ബിന്ദു. രാവിലെ 10 ന് കുമ്പള ഐഎച്ച്‌ആർഡി കോളജ് ഓഫ് സയൻസ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനമായിരുന്നു മന്ത്രിയുടെ ആദ്യ പരിപാടി. ഉച്ചയ്ക്ക് കാസർകോട് കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ എംസിആർസി അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം സാമൂഹിക നീതി വകുപ്പ് കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ ഹോർട്ടികൾച്ചറൽ തെറാപ്പി സെന്‍റർ പടന്നക്കാട് കാർഷിക കോളജിൽ ഉദ്ഘാടനം ചെയ്യാൻ പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്.

എന്താണ് ആള്‍മാറാട്ട വിവാദം: കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജ് യൂണിയനിലേക്ക് യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ട അനഘ എന്ന വിദ്യാർഥിക്ക് പകരം അതേ കോളജിലെ ഒന്നാം വർഷ ഫിസിക്‌സ് ബിരുദ വിദ്യാർഥിയും എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയുമായ വിശാഖിൻ്റെ പേര് യൂണിവേഴ്‌സിറ്റിയിലേക്ക് നൽകിയതിനെ ചൊല്ലിയാണ് ആള്‍മാറാട്ട വിവാദം ഉയര്‍ന്നത്. വരാനിരിക്കുന്ന സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനാണ് കോളജില്‍ നിന്നും വിശാഖിൻ്റെ പേര് യൂണിവേഴ്‌സിറ്റിയിലേക്ക് നൽകിയത്.

എന്നാല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തുടരാൻ അനഘയ്ക്ക് താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്‍റെ പേര് നൽകിയതെന്നായിരുന്നു കോളജ് അധികൃതരുടെ വിശദീകരണം. സംഭവം വിവാദമായതോടെ യൂണിയൻ ലിസ്‌റ്റിൽ കൃത്രിമമായി സ്ഥാനം നേടിയ എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറി വിശാഖിനെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ സിപിഎം വിശാഖിന്‍റെ ലോക്കല്‍ കമ്മിറ്റി അംഗത്വവും റദ്ദാക്കി. 

ABOUT THE AUTHOR

...view details