Biparjoy | ബിപര്‍ജോയ് : ഗുജറാത്തിന്‍റെ തീരപ്രദേശങ്ങളില്‍ നിന്ന് അരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, പല ജില്ലകളിലും കനത്ത മഴ - കച്ച്
അഹമ്മദാബാദ് : ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്ന ബിപര്‍ജോയ് ചുഴലിക്കാറ്റിന്‍റെ തീവ്രത പരിഗണിച്ച് തീരപ്രദേശങ്ങളില്‍ നിന്ന് അരലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റിന്‍റെ വരവിന് മുമ്പേ തന്നെ ഗുജറാത്തിലെ പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. അതുകൊണ്ടുതന്നെ സൗരാഷ്‌ട്ര, കച്ച് തീരദേശ മേഖലയില്‍ ആദ്യം ഓറഞ്ചും പിന്നീട് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
ബിപര്‍ജോയിയുടെ മുന്നോടിയായി പെയ്‌ത കനത്ത മഴ ഏറ്റവുമധികം ലഭിച്ചത് ദേവഭൂമി ദ്വാരക ജില്ലയിലെ ഖംബലിയ താലൂക്കിലാണ്. ഇവിടെ 121 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ദ്വാരക (92 മില്ലിമീറ്റർ), കല്യാൺപൂർ (70 മില്ലിമീറ്റർ) എന്നീ മേഖലകളാണ് തൊട്ടുപിന്നാലെയുള്ളത്. മാത്രമല്ല ജാംനഗർ, ജുനഗഡ്, രാജ്‌കോട്ട്, പോർബന്തർ, കച്ച് ജില്ലകളിലെ ഒമ്പതിലധികം താലൂക്കുകളിൽ 50 മില്ലിമീറ്ററിലധികം മഴ പെയ്തതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ചുഴലിക്കാറ്റ് നിലവില്‍ കച്ചിൽ നിന്ന് ഏതാണ്ട് 290 കിലോമീറ്റർ അകലെയാണ്. മുൻകരുതൽ നടപടിയായി ഇതിനകം തന്നെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന 50,000 ത്തോളം ആളുകളെ താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾ ഇപ്പോഴും തുടരുകയാണെന്നും ബാക്കിയുള്ള 5,000 പേരെ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും സംസ്ഥാന ദുരിതാശ്വാസ കമ്മിഷണർ അലോക് കുമാർ പാണ്ഡെ വ്യക്തമാക്കി.