Uniform Civil Code| ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ സിപിഐ പങ്കെടുക്കും, യുസിസി ആവശ്യമില്ലെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം :ഏക സിവിൽ കോഡിനെതിരെ ഈ മാസം 15ന് കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഐ പങ്കെടുക്കും. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകീകൃത സിവിൽ കോഡ് ആവശ്യമില്ല എന്നത് തന്നെയാണ് സിപിഐ നിലപാട്.
അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ പ്രതിഷേധങ്ങളിൽ സിപിഐയും ഭാഗമാകും. എന്നാൽ പ്രധാന നേതാക്കൾ പങ്കെടുക്കുമോ എന്ന ചോദ്യത്തിനോട് വ്യക്തമായി ബിനോയ് വിശ്വം പ്രതികരിച്ചില്ല. ന്യൂനപക്ഷങ്ങളെ ആകെ ബാധിക്കുന്ന ഒന്നാണ് ഏക സിവിൽ കോഡ്. ഇത് അനുവദിക്കാൻ കഴിയുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക സിവിൽ കോഡ്. നിലവിലെ ഇന്ത്യൻ ഭരണകൂടത്തിൽ ന്യൂനപക്ഷങ്ങൾക്ക് ഭയമുണ്ട്. ബിജെപി ന്യൂനപക്ഷങ്ങളെ കാണുന്നത് ഇന്ത്യയുടെ ഭാഗമായിട്ടല്ല. ആർഎസ്‌എസിന്‍റെ വിചാരധാരയിൽ പറഞ്ഞിട്ടുള്ള ഇന്ത്യയ്‌ക്കുള്ള ശത്രുക്കളിൽ ഒന്ന് ന്യൂനപക്ഷമാണ്.
ഈ നിലപാടുള്ള ഒരു ഭരണകൂടം യുസിസി അടിച്ചേൽപ്പിക്കുമ്പോൾ സ്വാഭാവികമായും ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടും. എല്ലാ നയത്തിലും നിലപാട് 'എപ്പോൾ' എന്നത് പ്രധാനമാണ്. ഏക സിവിൽ കോഡിൽ അന്നത്തെ സാഹചര്യത്തിൽ ഇ.എം.എസ് പറഞ്ഞത് ശരിയായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത് മാറിയിട്ടുണ്ട്.
ഇന്ന് സ്ത്രീ സമത്വത്തിനും ന്യൂനപക്ഷ വേട്ടയ്‌ക്കുമെതിരെ സംസാരിക്കേണ്ട സമയമാണ്. അത് ഇടതുപക്ഷം നല്ല രീതിയിൽ തന്നെ ചെയ്യും എന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതിനാൽ പ്രധാന നേതാക്കൾ സിപിഎം സെമിനാറിൽ എത്താൻ സാധ്യതയില്ല. പ്രാദേശിക അടിസ്ഥാനത്തിലാകും സെമിനാറിൽ പങ്കാളിത്തം.