Manipur| ബിരേനെ സംരക്ഷിക്കുന്നത് മോദി; മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി
ന്യൂഡൽഹി:ബിരേൻ സിംഗിന്‍റെ നേതൃത്വത്തിലുള്ള മണിപ്പൂർ സംസ്ഥാന സർക്കാരിനെ സംരക്ഷിക്കുന്നത് കേന്ദ്ര സർക്കാരാണെന്ന ആരോപണവുമായി സിപിഐ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) രാജ്യസഭ എംപി ബിനോയ് വിശ്വം. മണിപ്പൂർ വിഷയത്തിൽ പാർലമെന്‍റിൽ സ്‌തംഭനാവസ്ഥ തുടരുന്നതിനിടെയാണ് ബിനോയ് വിശ്വം എംപിയുടെ പ്രതികരണം.
കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ ഗൗതം അദാനിയെ സംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചതെന്നും ഈ സമ്മേളനത്തിൽ മണിപ്പൂരിലെ എൻ ബിരേൻ സിംഗ് സർക്കാരിനെ സംരക്ഷിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ ഭരണം കയ്യാളുന്ന സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശം നഷ്‌ടപ്പെട്ടിരിക്കുകയാണെന്നും ബിരേൻ സിങിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് എംപി ചൂണ്ടിക്കാട്ടി.
'രാജ്യസഭയിൽ, റൂൾ 267 പ്രകാരം മണിപ്പൂരിൽ നടക്കുന്ന അക്രമത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇതിന് തയ്യാറല്ല'- ബിനോയ് വിശ്വം എംപി പറഞ്ഞു. കലാപത്തിന്‍റെ 78-ാം ദിവസം മാത്രമാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഏതാനും നിമിഷം മാത്രം സംസാരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് ശേഷമായിരുന്നു ഇതെന്നും പറഞ്ഞു. സുപ്രീം കോടതിയുടെ ഇടപെടലിന് ശേഷമാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.