കേരളം

kerala

Binoy Murder Case Punishment

ETV Bharat / videos

Binoy Murder Case Punishment: ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതിക്ക്‌ ജീവപര്യന്തവും പിഴയും - കൊലപ്പെട്ടത് ബിനോയ്‌

By ETV Bharat Kerala Team

Published : Oct 29, 2023, 7:12 PM IST

എറണാകുളം:യുവാവിനെ ഭാര്യയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക്‌ ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ അഡീഷണൽ സെഷൻസ് കോടതി (Binoy Murder Case Punishment). മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ സ്വദേശി ബിനോയിയെ കൊലപ്പെടുത്തിയ കേസിലാണ് പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയനെ മൂവാറ്റുപുഴ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ്‌ ടോമി വർഗീസ് ശിക്ഷിച്ചത്. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച കേസിൽ പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം. വിചാരണ പൂർത്തിയാക്കിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഏപ്രില്‍ 16ന് കോതമംഗലം കറുകടത്ത് നിന്നും തട്ടിക്കൊണ്ടു പോയ ബിനോയിയെ പ്രതികള്‍ വാഹനത്തിൽ വച്ച് മർദിച്ച് മൃതപ്രായനാക്കി പണ്ടപ്പിള്ളിൽ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ബിനോയിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ബിനോയി മരണപ്പെടുകയും ചെയ്‌തു. ഇതിനിടയിൽ പൊലീസ് ബിനോയിയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയാണ് നിർണ്ണായകമായത്. ഈ കേസിലെ സാക്ഷികളിലൊരാളായ ബിനോയിയുടെ ഭാര്യ പ്രതിക്ക് അനുകൂലമായാണ് മൊഴി നൽകിയത്. മറ്റ് സാക്ഷികളും പ്രോസിക്യൂഷന് എതിരായാണ് മൊഴി നൽകിയത്. ഇപ്പോഴത്തെ കൊച്ചി എസിപിസി ജയകുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. മറ്റൊരു കേസിന്‍റെ വിചാരണയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ കോടതിയിലെത്തിയപ്പോഴാണ് താൻ നേരത്തെ അന്വേഷിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ച വിവരം അദ്ദേഹം അറിയുന്നത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എസിപിസി ജയകുമാർ പറഞ്ഞു. മറ്റ് രണ്ട് പ്രതികൾക്ക് കൂടി ശിക്ഷ ലഭിക്കേണ്ടതായിരുന്നു. കേസിന്‍റെ വിധി സമൂഹത്തിന് നൽകുന്നത് നല്ല സന്ദേശമാണെന്നും വിധിയിൽ സന്തോഷമുണ്ടെന്നും എസിപി സി.ജയകുമാർ പറഞ്ഞു. അഡ്വക്കറ്റ് അഭിലാഷ് വി മധുവാണ് ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ.

ABOUT THE AUTHOR

...view details