പട്ടാപ്പകൽ ബൈക്കിലെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - ബൈക്കിലെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി
Published : Nov 20, 2023, 10:49 PM IST
ഗ്വാളിയോർ (മധ്യപ്രദേശ്):പട്ടാപ്പകൽ ബസ് സ്റ്റോപ്പിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേർ പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് (kidnaping girl in broad daylight). സംഭവസ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ കൃത്യത്തിന്‍റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ഗ്വാളിയോറിലെ ഝാൻസി റോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദ്രവാദ്‌നി ബ്ലോക്കിന് സമീപം തിങ്കളാഴ്‌ച (നവംബര്‍ 20) രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വീഡിയോയിൽ ഒരാൾ പെട്രോൾ പമ്പിന് സമീപം കാത്തുനിൽക്കുന്നതും മറ്റൊരാൾ പെൺകുട്ടിയെ വലിച്ചിഴച്ച് ബൈക്കിൽ ഇരുത്തുന്നതും കാണാം. പെൺകുട്ടിയെ പിൻസീറ്റിലേക്ക് തള്ളി കയറ്റിയ ശേഷം രണ്ടാമൻ അവളുടെ പുറകിൽ കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട്, ബൈക്കിനെ പിന്തുടരുന്നതും കാണാം. രാവിലെ ഭിന്ദിൽ നിന്ന് ഗ്വാളിയോറിലേക്ക് എത്തിയതായി പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം അവർ ലഗേജുകൾ ഇറക്കുന്ന തിരക്കിലായിരുന്നു. കുടുംബത്തിലെ ഒരു കുട്ടി ശുചിമുറിയിൽ പോകാൻ ആഗ്രഹിച്ചതിനെ തുടർന്ന് പെൺകുട്ടി അടുത്തുള്ള പെട്രോൾ പമ്പിലേക്ക് കൊണ്ടുപോയി. ഉടൻ തന്നെ കുട്ടി കരഞ്ഞുകൊണ്ട് മടങ്ങിയെത്തുകയും പെൺകുട്ടിയെ രണ്ട് പേർ ബൈക്കിൽ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞതായും പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. സംഭവസ്ഥലത്ത് നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാർ പോലീസിൽ അറിയിച്ചു.