കൊണ്ടോട്ടിയിലേത് ആള്‍ക്കൂട്ടക്കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് ; മരിച്ചത് ബിഹാര്‍ സ്വദേശി, ഒമ്പത് പേര്‍ കസ്റ്റഡിയില്‍ - ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം
മലപ്പുറം : കൊണ്ടോട്ടിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. ഇന്നലെ രാത്രിയാണ് ബിഹാർ സ്വദേശി രാജേഷ് മഞ്ചി മരിച്ചത്. രാജേഷിനെ ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മോഷണ ശ്രമത്തിനിടെ വീടിന്‍റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റാണ് രാജേഷ് മഞ്ചി മരിച്ചത് എന്നാണ് കസ്റ്റഡിയില്‍ ഉള്ളവർ മൊഴി നൽകിയത്. എന്നാല്‍ പോസ്റ്റ്‌മോർട്ടത്തിൽ മർദനം ഏറ്റിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പ്രതികള്‍ രണ്ട് മണിക്കൂർ രാജേഷിനെ തുടര്‍ച്ചയായി മർദിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിൽ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് എന്തോ വീഴുന്ന ശബ്‌ദം കേട്ട് വീട്ടുകാർ ഉണര്‍ന്നു. അപ്പോഴാണ് മുറ്റത്ത് ഒരാൾ വീണുകിടക്കുന്നത് കാണുന്നത്. പിന്നീട് നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേഷ് മരിച്ചു. ഇയാളെ നാട്ടുകാർ മർദിച്ചു എന്ന ആരോപണത്തെ തുടർന്നാണ് പൊലീസ് ഒമ്പത് പേരെ കസ്റ്റഡിയിൽ എടുത്തത്.