സ്വയം പാട്ടുപാടി കേക്ക് മുറിച്ച് ശിവ; വൈറലായി തത്തയുടെ പിറന്നാൾ ആഘോഷം - വൈറലായി തത്തയുടെ പിറന്നാൾ ആഘോഷം
ഗയ(ബിഹാർ): പിറന്നാൾ ആഘോഷിക്കാൻ ഇഷ്‌ടമുള്ളവരാണ് നാം ഓരോരുത്തരും. കുടുംബക്കാരോടും കൂട്ടുകാരോടുമൊപ്പം കേക്ക് മുറിച്ചും ഭക്ഷണം കഴിച്ചും ആടിപ്പാടിയുമൊക്കെയാകും നാം പിറന്നാൾ ആഘോഷിക്കുക. ഇപ്പോൾ ഒരു തത്തയുടെ ഒന്നാം ജന്മദിനം ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ബിഹാറിലെ ഗയയിലാണ് ശിവ എന്ന തത്തയുടെ ജന്മദിനം ആഘോഷമാക്കിയത്.
തത്തയുടെ ഉടമ മഗധ് യൂണിവേഴ്‌സിറ്റിയുടെ ബ്രാഞ്ച് ഓഫിസർ ഡോ അമർനാഥ് പഥകാണ് പിറന്നാൾ ആഘോഷത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. കൂട്ടിൽ കിടക്കുന്ന ശിവ സ്വയം 'ഹാപ്പി ബർത്ത്ഡേ ടു യൂ' എന്ന് പാടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. ശേഷം ശിവയ്‌ക്ക് ഉടമസ്ഥനും വീട്ടുകാരും പിറന്നാൾ ആശംസകൾ അറിയിക്കുന്നുണ്ട്.
പിന്നാലെ കൂട്ടിൽ നിന്ന് പുറത്തിറങ്ങിയ ശിവ ചെറിയ കത്തി ഉപയോഗിച്ച് കേക്ക് മുറിക്കാൻ ശ്രമിക്കുന്നതും ശേഷം കേക്ക് രുചിക്കുന്നതുമാണ് വീഡിയോ. ശേഷം സന്തോഷവാനായി കൂട്ടിലിരിക്കുന്ന ശിവയേയും നമുക്ക് കാണാനാകും. എന്തായാലും ഈ വേറിട്ട പിറന്നാൾ ആഘോഷത്തിന്‍റെ വീഡിയോ നെറ്റിസൺമാരുടെ ഹൃദയം കവർന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഹിമാചലിൽ ലഖൻപൂർ പ്രദേശത്ത് പ്രത്യുഷ് ശർമ, ഉത്കർഷ് ശർമ, ഇഷിത ശർമ, അൻവിത എന്നീ നാല് കൗമാരക്കാർ ചേർന്ന് തങ്ങളുടെ പശുക്കിടാവിന്‍റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയും വൈറലായിരുന്നു. ഗോതമ്പ് മാവ് കൊണ്ട് ഉണ്ടാക്കിയ കേക്ക് മുറിച്ചുകൊണ്ടാണ് ഇവർ തങ്ങളുടെ പശുവിന്‍റെ പിറന്നാൾ ആഘോഷിച്ചത്.
ബലൂണുകൾ കൊണ്ട് അലങ്കരിച്ച പ്രദേശത്ത് നടത്തിയ ആഘോഷത്തിൽ പ്രത്യേക തൊപ്പിയും പൂക്കളും ഇലകളും കൊണ്ട് അലങ്കരിച്ച മാലയും പശുവിനെ അണിയിച്ചിരുന്നു. എല്ലാ ജീവജാലങ്ങളും സ്നേഹത്തിന് അർഹമാണെന്നും മൃഗങ്ങളുമായി സന്തോഷം പങ്കിടുന്നത് ഒരു പ്രത്യേക ആനന്ദം നൽകുന്നുവെന്നുമാണ് ഇവരുടെ പ്രതികരണം.