Bhopal Trainer Killed Dog : വളർത്തുനായയെ ഗേറ്റിൽ കെട്ടിത്തൂക്കി കൊന്ന പരിശീലകനും കൂട്ടാളികളും അറസ്‌റ്റിൽ ; സിസിടിവി ദൃശ്യം പുറത്ത് - വളർത്തുനായയെ കെട്ടിതൂക്കുന്ന സിസിടിവി ദൃശ്യങ്ങൾ
Published : Oct 20, 2023, 1:13 PM IST
ഭോപ്പാൽ : മധ്യപ്രദേശിൽ വളർത്തുനായയെ ഗേറ്റിൽ കെട്ടിത്തൂക്കി കൊന്ന സംഭവത്തിൽ നായ പരിശീലകനും കൂട്ടാളികളും അറസ്‌റ്റിൽ (Bhopal Dog Trainer Killed Dog). ഭോപ്പാലിലാണ് ഈ മനുഷ്യത്വരഹിതമായ ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ നായ പരിശീലകൻ രവി കുശ്‌വാഹയും ഇയാളുടെ കൂട്ടാളികളായ നേഹ തിവാരിയും തരുൺ ദാസുമാണ് പിടിയിലായത്. നായയുടെ ഉടമ നിഖിൽ ജയ്‌സ്വാൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് മൂവരെയും അറസ്റ്റ് ചെയ്‌തത്. ഷാജാപൂർ ജില്ലയിലെ കലാപിപൽ നിവാസിയായ നിഖിൽ തന്‍റെ സുൽത്താൻ എന്ന് പേരുള്ള നായയെ രവിയുടെ പരിശീലന കേന്ദ്രത്തിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് തിരികെ കൊണ്ടുപോകാൻ വന്നപ്പോൾ നായ അസുഖം വന്ന് ചത്തതായി രവി ഉടമയോട് പറഞ്ഞു. സംശയം തോന്നിയ നിഖില്‍ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ വീഡിയോ ഉണ്ടായിരുന്നില്ലെന്ന് അറിയിച്ച് നായയുടെ ജഡം നിഖിലിനെ രവി ഏൽപ്പിക്കുകയായിരുന്നു. എന്നാൽ പരിശീലന കേന്ദ്രത്തിൽ ഏൽപ്പിക്കുമ്പോൾ പൂർണ ആരോഗ്യവാനായിരുന്ന നായ പെട്ടെന്ന് അസുഖം വന്ന് ചത്തെന്നത് വിശ്വാസം വരാതെ നിഖിൽ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ രവി നിർബന്ധിതനായി. ഈ ദൃശ്യങ്ങളിൽ രവിയും കൂട്ടാളികളും നായയെ ഗേറ്റിൽ കെട്ടിത്തൂക്കുന്നത് വ്യക്തമായിരുന്നു. എന്നാൽ നായ അക്രമാസക്തമായിരുന്നതിനാൽ പേടിപ്പിക്കാൻ വേണ്ടി മാത്രമാണ് അത്തരത്തിൽ ചെയ്‌തതെന്നായിരുന്നു പരിശീലകന്‍റെ വിശദീകരണം. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, നായയെ മനഃപൂർവം കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.