VIDEO | തിരുവനന്തപുരത്ത് ജനവാസമേഖലയിലെ കിണറ്റിൽ അകപ്പെട്ട് കരടി ; മയക്കുവെടിവച്ചതോടെ മുങ്ങി, പുറത്തെത്തിക്കാന്‍ ഊര്‍ജിത ശ്രമം - ആർആർടി സംഘം കരടി
തിരുവനന്തപുരം :കാട്ടാക്കടയിൽ ജനവാസ മേഖലയിലെ കിണറ്റിൽ കരടി അകപ്പെട്ട നിലയിൽ. കാട്ടാക്കട വെളളനാട് കണ്ണമ്പള്ളിയിലെ അരുണിന്‍റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. രാത്രി 12 മണിയോടെ സമീപത്തെ വീട്ടിലെ രണ്ട് കോഴികളെ കരടി പിടികൂടിയിരുന്നു. മൂന്നാമത്തെ കോഴിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്.
കോഴി കിണറിന്‍റെ വക്കത്ത് പറന്നുകയറി നിന്നപ്പോള്‍ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. കിണറ്റിൽ എന്തോ വീണ ശബ്‌ദം കേട്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കരടിയെ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
ആർ ആർ ടി സംഘം സ്ഥലത്തെത്തി കരടിയെ കരയ്‌ക്ക് കയറ്റാനുള്ള ശ്രമത്തിലാണ്. കയറും വലയും ഉപയോഗിച്ച് കരയ്‌ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് മയക്കുവെടിവച്ച് കരയ്‌ക്ക് കയറ്റാനുള്ള ശ്രമത്തിലാണ് സംഘം. വെറ്ററിനറി ഡോക്‌ടർ എത്തിയാണ് മയക്കുവെടി വച്ചത്. ഇതിനിടെ കരടി വെള്ളത്തില്‍ മുങ്ങി. ഇതേ തുടര്‍ന്ന് വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ആര്‍ആര്‍ടി സംഘവും നാട്ടുകാരും. അതേസമയം ജനവാസ മേഖലയില്‍ കരടിയെത്തിയതിന്‍റെ ആശങ്കയിലാണ് പ്രദേശ വാസികള്‍.