Bandlaguda Record Laddu Auction : ഒരു ലഡ്ഡുവിന് വില 1.20 കോടി ; തരംഗമായി ബണ്ട്‌ലഗുഡ ലേലം - ഗണേശോത്സവം 2023
Published : Sep 28, 2023, 4:09 PM IST
ഹൈദരാബാദ് : കോഴിമുട്ടയ്‌ക്ക് പോലും ലക്ഷങ്ങള്‍ വിലയെത്തിയ ലേല വേദികളുണ്ടായിട്ടുണ്ട്. ഇതിനൊപ്പം വിശ്വാസവും ആചാരവും കൂടി ചേര്‍ന്നാല്‍ ലേല വേദികള്‍ക്ക് തീപിടിക്കാറുണ്ട്. ഇത്തരത്തില്‍ എന്നും റെക്കോഡ് തൊടാറുള്ള ഒന്നാണ് ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ലഡ്ഡു ലേലങ്ങള്‍. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ ഗണേശ പ്രീതിക്കായുള്ള ലഡ്ഡു ലേലങ്ങള്‍ നടന്നുവെങ്കിലും താരമായത് ബണ്ട്‌ലഗുഡയിലെ കീര്‍ത്തി റിച്ച്‌മണ്ട് വില്ലയില്‍ നടന്ന ലേലമാണ് (Bandlaguda Record Laddu Auction). ലേലത്തില്‍ ഒരു ലഡ്ഡു വിറ്റുപോയതാവട്ടെ 1.20 കോടി രൂപയെന്ന റെക്കോഡ് തുകയ്‌ക്ക്. കീര്‍ത്തി റിച്ച്‌മണ്ട് വില്ലയിലെ നിവാസികള്‍ ഒരുമിച്ചുചേര്‍ന്നാണ് മൂന്ന് കിലോയുള്ള ലഡ്ഡു സ്വന്തമാക്കിയത്. 10 വര്‍ഷമായി തങ്ങള്‍ കീര്‍ത്തി റിച്ച്‌മണ്ട് വില്ലയില്‍ താമസിക്കുന്നവരാണെന്നും ഗണേശോത്സവം ഗംഭീരമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് റെക്കോഡ് തുകയ്‌ക്ക് ലഡ്ഡു സ്വന്തമാക്കിയതെന്നുമാണ് ഇവരുടെ പ്രതികരണം. എല്ലാ തവണയും ഗണേശ നിമഞ്ജനത്തിന്‍റെ അന്നാണ് തങ്ങള്‍ ലഡ്ഡു ലേലം നടത്താറുള്ളത്. ഇതില്‍ നിന്ന് ലഭിക്കുന്ന പണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും സർക്കാർ സ്‌കൂളുകളുടെ വികസനത്തിനുമായാണ് ചെലവഴിക്കാറുള്ളതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ വര്‍ഷം ഇവിടെ തന്നെ നടന്ന ലേലത്തില്‍ 60,80,000 രൂപയ്‌ക്കാണ് ലഡ്ഡു വിറ്റുപോയത്.