Banana Tree In Kozhikode വെറുതെ കുലച്ചതല്ല... കക്കോടി കടയാട്ടെ വാഴക്കുല - എവരി തിങ് ഈസ് പോളിബിള്‍
Published : Sep 29, 2023, 11:11 AM IST
|Updated : Sep 29, 2023, 2:01 PM IST
കോഴിക്കോട്: 'വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കും' എന്നത് എല്ലാവര്‍ക്കും സുപരിചിതമായ ഒരു പഴഞ്ചൊല്ലാണ്. എന്നാലിപ്പോള്‍ ഈ പഴഞ്ചൊല്ലില്‍ വലിയൊരു മാറ്റം വരുത്തിയിരിക്കുകയാണ്. ഒന്നും അങ്ങോട്ട് വ്യക്തമായില്ല അല്ലെ?, കോഴിക്കോട് ജില്ലയിലെ കക്കോടിയ്ക്ക് അടുത്തുള്ള കട്ടയാട്ട് കൂമ്പ് ചീയല്‍ രോഗം ബാധിച്ച് വളര്‍ച്ച മുരടിച്ച വാഴ കുലച്ചു. സാധാരണ കുലയല്ല ഇത്, തണ്ടിലാണ് വാഴ കുലച്ചത്. 'കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ല' എന്ന മട്ടിലാണ് തണ്ടില്‍ നിന്നും പുറത്ത് വന്നിട്ടുള്ള വാഴക്കുലയുടെ നില്‍പ്പും ഭാവവും. കിഴക്കുമുറി സ്വദേശി പ്രേമരാജിന്‍റെ പറമ്പിലെ വാഴയിലാണ് തണ്ടില്‍ വാഴ കുലച്ചത്. പറമ്പില്‍ വളരെ പ്രതീക്ഷയോടെ നട്ടു വളര്‍ത്തിയ വാഴ കൂമ്പു ചീയല്‍ ബാധിച്ച് നശിച്ചതോടെ പ്രേമരാജ് പിന്നീട് അതിനെ പരിചരിക്കാനൊന്നും മെനക്കെട്ടില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് വാഴത്തണ്ടിന്‍റെ അടിഭാഗത്ത് വാഴക്കുല ശ്രദ്ധയില്‍പ്പെട്ടത്. അപൂര്‍വ്വമായ ഈ വാഴക്കുലയാണിപ്പോള്‍ കട്ടയാട്ടെ താരം. വാഴക്കുല കാണാന്‍ നിരവധി ആളുകളാണ് പ്രേമരാജിന്‍റെ വീട്ടുവളപ്പിലെത്തുന്നത്. 'നത്തിങ് ഈസ് ഇംപോസിബിള്‍ എവരി തിങ് ഈസ് പോസിബിള്‍' അതാണ് പ്രേമരാജിന്‍റെ പറമ്പിലെ വാഴക്കുല.