കേരളം

kerala

ഇടുക്കി

ETV Bharat / videos

കടുത്ത വേനലിൽ കരിഞ്ഞുണങ്ങി വാഴകൃഷി ; പ്രതിസന്ധിയിൽ കർഷകർ - കൃഷിനാശം ഇടുക്കി

By

Published : Apr 23, 2023, 1:17 PM IST

ഇടുക്കി : വേനൽ കടുത്തതോടെ ഹൈറേഞ്ചിലെ വാഴകൃഷി പ്രതിസന്ധിയിൽ. വാഴകൾ കൂട്ടത്തോടെ ഉണങ്ങി കരിഞ്ഞ് ഒടിഞ്ഞുവീണ് നശിക്കുകയാണ്. ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ ആവശ്യത്തിന് വേനൽ മഴ ലഭിക്കാതെ വന്നതോടെയാണ് കർഷകർക്ക് ദുരിതം സമ്മാനിച്ച് കൃഷി വ്യാപകമായി നശിക്കുന്നത്. 

ഹൈറേഞ്ചിൽ വാഴകൃഷി ചെയ്യുന്ന ഒട്ടുമിക്ക കൃഷിയിടങ്ങളിലെയും അവസ്ഥ സമാനമാണ്. വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞുവീഴുകയാണ്. കായ മൂപ്പെത്തുന്നതിനും മുൻപാണ് വാഴകൾ ഒടിഞ്ഞ് നിലം പതിക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടാവശ്യത്തിന് പോലും വാഴക്ക ഉപയോഗിക്കുവാൻ സാധിക്കുന്നില്ല.

കരിഞ്ഞുണങ്ങിയ വാഴകൾ മിക്കതും കർഷകർ തന്നെ വെട്ടി നശിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പ്രതിരോധശേഷി കൂടുതൽ ഉണ്ടെന്ന് കരുതപ്പെടുന്ന ഞാലിപ്പൂവൻ, പാളയംതോടൻ, ചെമ്പൂവൻ, റോബസ്റ്റ തുടങ്ങിയ ഇനങ്ങളാണ് വ്യാപകമായി ഒടിഞ്ഞുവീഴുന്നത്. വേനൽ മഴ ഹൈറേഞ്ചിന്‍റെ മിക്ക മേഖലകളിലും കൃത്യമായി ലഭിക്കാത്തതാണ് നാശത്തിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

മറ്റ് വിളകളുടെ കാര്യവും മറിച്ചല്ല. ഏലം, കുരുമുളക്, പച്ചക്കറി കൃഷികളെയും വേനൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൃഷിക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന ജലാശയങ്ങൾ വറ്റി വരണ്ടത് വരും മാസങ്ങളിൽ കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ.

ABOUT THE AUTHOR

...view details