മഞ്ചേരിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 5 മരണം - മഞ്ചേരി ബസ് അപകടം
Published : Dec 15, 2023, 7:36 PM IST
മലപ്പുറം: മഞ്ചേരിയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ ഇന്ന് (ഡിസംബര്‍ 15) വൈകിട്ട് ആറ് മണിയോടെയാണ് അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കട്ടുപ്പാറ സ്വദേശികളായ ഓട്ടോ ഡ്രൈവർ മജീദും വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളും രണ്ട് കുട്ടികളും ആണ് മരിച്ചത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ഓട്ടോയിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. (Ayyappa Devotees Bus Accident Manjeri). കോട്ടയത്തും അടുത്തിടെ സമാന സംഭവമുണ്ടായി. ബസ് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശിയായ അറുമുഖനാണ് മരിച്ചത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തോട്ടിലേക്ക് മറിയുകയായിരുന്നു. 27 അയ്യപ്പ ഭക്തരാണ് ബസില്‍ ഉണ്ടായിരുന്നത്. രാത്രിയിലായിരുന്നു അപകടം. ബസിലുണ്ടായിരുന്ന മറ്റ് തീര്‍ഥാടകര്‍ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.