കേരളം

kerala

ക്ലാസ് മുറിയിൽ ഓട്ടോ മാമന്‍റെ ഓടക്കുഴല്‍ വായന

ETV Bharat / videos

ഓട്ടോ മാമൻ ക്ലാസ് മുറിയിൽ, പിന്നീട് കേട്ടത് മനോഹരമായ ഓടക്കുഴല്‍ നാദം; കയ്യടിച്ച് കുട്ടികൾ, വത്സരാജ് ഇപ്പോള്‍ താരം - വത്സരാജ്

By

Published : Aug 2, 2023, 3:51 PM IST

കാസര്‍കോട് : ഓട്ടോ മാമൻ ഇതെന്താ ക്ലാസ് മുറിയിൽ ? കുട്ടികൾ ആശ്ചര്യത്തോടെ നോക്കുന്നതിനിടയിലാണ് വത്സരാജ് ബാഗിൽ നിന്ന് ഓടക്കുഴലെടുത്തത്. അതില്‍ നിന്ന് പാട്ടുകളോരോന്നായി ഒഴുകിയപ്പോള്‍ കുരുന്നുകളില്‍ വിസ്‌മയം, ഒപ്പം നിറഞ്ഞ കയ്യടി. ചന്തേര ഇസ്സത്തുൽ ഇസ്‌ലാം എഎൽപി സ്‌കൂളിലെ കുട്ടികള്‍ക്ക് മുന്നിലാണ് ഓട്ടോ ഡ്രൈവറായ വത്സരാജ് എരവിൽ പുല്ലാങ്കുഴലിന്‍റെ മധുരനാദവുമായി എത്തിയത്. കണ്ണാന്തുമ്പീ പോരാമോ, ഉണ്ണീ വാ വാ വോ, ആകാശമായവളേ... എന്നിങ്ങനെ വത്സരാജിന്‍റെ ഓടക്കുഴലില്‍ നിന്ന് മനോഹര ഗാനങ്ങള്‍ ഒഴുകി. ഓടക്കുഴല്‍ കണ്ടിട്ടുപോലും ഇല്ലാതിരുന്ന കുട്ടികളുടെ ഇഷ്‌ട ഗാനങ്ങള്‍ വായിച്ച് വത്സരാജ് കുരുന്ന് ഹൃദയങ്ങള്‍ കവര്‍ന്നു. മൂന്നാം ക്ലാസിലെ ഒന്നാം പാഠമായ സുഗതകുമാരിയുടെ കണ്ണന്‍റെ അമ്മയില്‍ ഓടക്കുഴലുമായി ബന്ധപ്പെട്ട ഭാഗം കുട്ടികളെ നേരിട്ട് പരിചയപ്പെടുത്താനാണ് അധ്യാപകർ വത്സരാജിനെ സ്‌കൂളിലെത്തിച്ചത്. കുട്ടികള്‍ക്ക് മുന്നില്‍ അവരുടെ ഇഷ്‌ടഗാനങ്ങള്‍ വായിക്കുന്നത് ചിത്രീകരിച്ച് അധ്യാപകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വത്സരാജ് താരമായി. ചെറുപ്പം മുതല്‍ തന്നെ ഓടക്കുഴല്‍ നാദത്തെ സ്‌നേഹിച്ച് തുടങ്ങിയതാണ് വത്സരാജ്. വിദ്യാര്‍ഥിയായിരിക്കെ യുവജനോത്സവങ്ങളില്‍ മത്സരിച്ച് സമ്മാനങ്ങളും നേടിയിട്ടുണ്ട്. പിന്നീട് ഗാനമേള ട്രൂപ്പുകളില്‍ സജീവമായി. 20 വര്‍ഷത്തോളമായി വത്സരാജ് ഓടക്കുഴല്‍ വായിക്കുന്നു. ഓട്ടോ സവാരികള്‍ക്കിടയില്‍ കിട്ടുന്ന ഒഴിവുസമയങ്ങളിലാണ് പരിശീലനം. സ്‌കൂളില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വത്സരാജിന്‍റെ ഓടക്കുഴല്‍ പ്രകടന മികവ് തിരിച്ചറിയുകയാണ് ഒരു നാടുമുഴുവന്‍. 

ABOUT THE AUTHOR

...view details