കൊല്ലം ജില്ല ആശുപത്രിയില്‍ ഡോക്‌ടർക്ക് നേരെ കൈയ്യേറ്റ ശ്രമം; ആക്രമിച്ചത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് - ഡോക്‌ടർമാരെ ഇയാൾ അസഭ്യം പറയുന്നുണ്ടായിരുന്നു
കൊല്ലം: കൊല്ലത്ത് വീണ്ടും ഡോക്‌ടർക്ക് നേരെ കൈയ്യേറ്റ ശ്രമം. കൊല്ലം ജില്ല ആശുപത്രിയിലാണ് സംഭവം. അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്ത അയത്തിൽ സ്വദേശി വിഷ്‌ണു ആണ് ഡോക്‌ടർമാരെ ആക്രമിക്കാൻ ശ്രമിച്ചത്.
മദ്യലഹരിയിൽ അതിക്രമം കാട്ടിയ വിഷ്‌ണുവിനെ മെഡിക്കൽ പരിശോധന നടത്താൻ എത്തിച്ചതായിരുന്നു. പരിശോധന മുറിയിലെ ടേബിൾ വിഷ്‌ണു ചവിട്ടി താഴെയിട്ടു. ഡോക്‌ടർമാരും ഹൗസ് സർജൻമാരും അവിടെ നിന്നും ഓടിമാറി. പൊലീസ് ഇയാളെ ബലം പ്രയോഗിച്ച് പിടിച്ച് നിർത്തിയതിനാൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവായി.
ആക്രമണത്തെ തുടർന്ന് ഡോക്‌ടർമാർ പൊലീസിൽ പരാതി നൽകി. വൈദ്യ പരിശോധന നടത്താൻ ഡോക്‌ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന നടത്താൻ നിർബന്ധിച്ചതായും ഡോക്‌ടർമാർ പറയുന്നു. ഇയാളെ പൊലീസ് കൈ വിലങ്ങണിയിച്ചാണ് വൈദ്യ പരിശോധനയ്ക്കെത്തിച്ചത്. ഡോക്‌ടർമാരെ ഇയാൾ അസഭ്യം പറയുന്നുണ്ടായിരുന്നു. മൂന്ന് പൊലീസുകാരാണ് വിഷ്‌ണുവിനൊപ്പം ജില്ല ആശുപത്രിയിലെത്തിയത്. വൈദ്യ പരിശോധന പൂർത്തിയാക്കി ഇയാളെ തിരികെ പൊലീസ് കൊണ്ട് പോയി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കെത്തിയ പ്രതി യുവ ഡോക്‌ടർ വന്ദന ദാസിനെ കത്രിക ഉപയോഗിച്ച് കുത്തി കൊന്നത് കേരളം ഞെട്ടലോടെയാണ് കണ്ടത്. ഡോക്‌ടർമാർക്കെതിരെ നിരവധി ആക്രമണങ്ങൾ ഇതിനുമുൻപും ഉണ്ടായതായി പരാതികൾ ഉയർന്നിട്ടുണ്ട്.