ഇടയ്‌ക്കെത്തുന്ന ഭീതി, അട്ടപ്പാടിയിലും ധോണിയിലും വീണ്ടും കൃഷി നശിപ്പിച്ച് കാട്ടാനകൾ - Forest problem in Kerala
പാലക്കാട്: പാലക്കാട് ജില്ലയുടെ വനമേഖലകളായ അട്ടപ്പാടിയിലും, ധോണിയിലും ഒരിടവേളയ്ക്ക് ശേഷം കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കൂട്ടത്തോടെയെത്തിയ കാട്ടാനകൾ വൻ തോതില്‍ കൃഷി നശിപ്പിച്ചതായി പരാതി. അട്ടപ്പാടി നരസിമുക്ക് വൈദ്യർകോളനിയിലെ നാഗരാജിന്റെ കൃഷിസ്ഥലത്താണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടമെത്തിയത്.
കാട്ടാനകളെത്തിയ വിവരം വീട്ടുകാർ അറിഞ്ഞ് ഉറക്കമില്ലാതെ നേരം വെളുപ്പിച്ചെങ്കിലും പുലർച്ചെ കാട്ടാനക്കൂട്ടം നാഗരാജിന്റെ വീട്ട് മുറ്റത്തെത്തി. വീട്ടുകാർ അയൽവാസികളെ ഫോൺ വിളിച്ചറിയച്ചതോടെ അയൽവാസികളെത്തി പടക്കം പൊട്ടിച്ചും, ശബ്ദമുണ്ടാക്കിയുമാണ് കാട്ടാനകളെ തുരത്തിയത്. കാട്ടാനകൾ നാഗരാജിന്റെ വീട്ട് മുറ്റത്ത് നിന്ന് മാറിയെങ്കിലും സമീപത്തെ കൃഷിയിടത്തിലെത്തി. പുലർച്ച മൂന്ന് മണിക്കൂറോളം ജനവാസമേഖലയിൽ ഭീതി പരത്തിയ കാട്ടാനകളെ വനം വകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമെത്തിയാണ് കാടുകയറ്റിയത്.
ധോണിയിലും ഭീതി:പാലക്കാട് നഗരത്തോട് ചേർന്നുള്ള ധോണിയില്‍ ഒരു ഇടവേളക്ക് ശേഷം ഒറ്റയാനെത്തി കൃഷി നശിപ്പിച്ചു. ടോമിയുടെ വാഴ കൃഷിയാണ് നശിപ്പിച്ചത്. നേരത്തെ ധോണിയെ ഭീതിയിലാക്കിയ പിടി 7 എന്ന കാട്ടാനയെ വനംവകുപ്പ് പിടികൂടിയതോടെ കാട്ടാന ശല്യം കുറവായിരുന്നെങ്കിലും വീണ്ടും കാട്ടാനയെത്തി കൃഷി നശിപ്പിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.