സാമ്പത്തിക തർക്കം; യുവതിയെ കൊന്ന് വനത്തില്‍ തള്ളിയ സുഹൃത്ത് പിടിയില്‍ - തൃശൂർ കൊലപാതകം
തൃശൂര്‍:അതിരപ്പിള്ളിയില്‍ യുവതിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി. കാലടി പാറക്കടവ് സ്വദേശി ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് അഖിലിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്‌തു.
സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആതിരയെ കഴിഞ്ഞ മാസം 29 മുതൽ കാണാനില്ലായിരുന്നു. ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിലേക്ക് പോകുന്നതിനായി ഭർത്താവ് സനൽ ഇരുചക്രവാഹനത്തിൽ അങ്കമാലി ബസ് സ്റ്റാൻഡില്‍ കൊണ്ടു വിട്ടിരുന്നെങ്കിലും ആതിര അവിടെ എത്തിയിരുന്നില്ല. തുടർന്ന് ആതിരയുടെ ഭർത്താവ് സനല്‍ കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആതിരയുടെ മൊബൈൽ ഫോണിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചത് അതിരപ്പിള്ളി ഭാഗത്തു നിന്നാണെന്ന് കണ്ടെത്തി.
ആതിരയും ഇടുക്കി സ്വദേശിയായ സുഹൃത്ത് അഖിലും ഒന്നിച്ച് കാറിൽ പോയതായും പൊലീസിന് വിവരം ലഭിച്ചു. ആതിര ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ അഖിൽ വാടകയ്‌ക്ക് എടുത്ത കാറിൽ ആതിരയെ തൃശൂരിൽ എത്തിക്കുകയായിരുന്നു. അഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തെ കുറിച്ച് ആദ്യം ഇയാൾ വെളിപ്പെടുത്തിയിരുന്നില്ല. ഒടുവിൽ അഖിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.
ആതിരയിൽ നിന്ന് പലതവണയായി സ്വർണം ഉൾപ്പെടെ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിക്കാൻ തുടങ്ങിയതോടെയാണ് തന്ത്രപൂർവ്വം കാറിൽ കയറ്റി വെറ്റിലപ്പാറ ഭാഗത്തു കൊണ്ടുപോയി കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് അഖിലിന്‍റെ മൊഴി. പൊലീസ് നടത്തിയ തെരച്ചിലിൽ തുമ്പൂർമൂഴി ഭാഗത്തെ പാറക്കെട്ടുകൾക്കിടയിൽ നിന്ന് ആണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിനൊപ്പം വനം വകുപ്പും സംയുക്തമായി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി.
പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടുകൾക്കിടയിൽ കരിയിലകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം ജീർണ്ണിച്ച നിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ ഇവിടെ വെച്ച് പൂർത്തിയാക്കിയശേഷം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോകും. അതേസമയം പ്രതിയെ ഇന്ന് കാലടി പൊലീസ് കോടതിയിൽ ഹാജരാക്കും.