സംസാരിക്കുന്നതിനിടെ മൈക്ക് പണിമുടക്കി, വലിച്ചെറിഞ്ഞ് അശോക് ഗെലോട്ട്; വേദിയില്‍ വച്ച് എസ്‌പിക്കും കലക്‌ടര്‍ക്കും ശകാരവും - ബാര്‍മര്‍
ബാര്‍മര്‍ (രാജസ്ഥാന്‍): സുഗമമായ ചര്‍ച്ചകള്‍ക്കിടെ തടസം നേരിട്ടാല്‍ ദേഷ്യപ്പെടാത്തവര്‍ കുറവായിരിക്കും. അങ്ങനെയെങ്കില്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന സംവാദത്തിനിടെ മൈക്ക് പണിമുടക്കിയാലുള്ള അവസ്ഥ ഓര്‍ക്കാവുന്നതേയുള്ളു. പൊതുപരിപാടിയുമായി ബന്ധപ്പെട്ടുള്ള സംവാദത്തിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് സംഭവിച്ചതും ഇതുതന്നെയാണ്.
സ്‌ത്രീകൾക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്‌ടിച്ചുകൊണ്ടുള്ള ബാര്‍മര്‍ ജില്ല പര്യടനത്തിലായിരുന്നു അശോക് ഗെലോട്ട്. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്‌ച രാത്രി സര്‍ക്യൂട്ട് ഹൗസില്‍ വച്ച് സ്‌ത്രീകളുമൊത്തുള്ള മുഖ്യമന്ത്രിയുടെ സംവാദമുണ്ടായി. ഇതിനിടെ ഗെലോട്ടിന്‍റെ മൈക്കിനൊരു തകരാറും നേരിട്ടു. മൈക്ക് പ്രവര്‍ത്തിക്കാതായതോടെ മുഖ്യമന്ത്രി സ്‌ത്രീകള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും സംസാരിക്കാനുമായി നല്‍കിയിരുന്ന മൈക്ക് വാങ്ങി, കൈയിലുണ്ടായിരുന്ന തകരാറായ മൈക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് കലക്‌ടര്‍ തകരാറായ മൈക്ക് പതുക്കെ അവിടെ നിന്നും എടുത്തുമാറ്റുകയായിരുന്നു.
എന്നാല്‍ ഗെലോട്ടിന്‍റെ ദേഷ്യം അവിടം കൊണ്ടും തീര്‍ന്നില്ല. സ്‌ത്രീകളോട് സംവദിക്കവെ ഇവര്‍ക്ക് പിന്നിൽ അനാവശ്യമായി ആള്‍ക്കൂട്ടം ശ്രദ്ധയില്‍പെട്ടതോടെയാണ് ഗെലോട്ട് വീണ്ടും ക്ഷുഭിതനായത്. എസ്‌പി (പൊലീസ് സൂപ്രണ്ട്) എവിടെ?. നിങ്ങള്‍ എന്തിനാണ് നില്‍ക്കുന്നത്?. സ്‌ത്രീകള്‍ക്ക് പിന്നിൽ നിൽക്കുന്നവര്‍ ആരാണെന്ന് നോക്കൂ, എന്നിട്ട് അവരോട് ഇവിടെ നിന്നു പോകാന്‍ പറയൂ എന്ന് ഗെലോട്ട് ദേഷ്യത്തോടെ ആജ്ഞാപിക്കുകയായിരുന്നു. ഗെലോട്ടിനൊപ്പം മന്ത്രി ഹേമാറാം ചൗധരി, എംഎൽഎമാരായ ഹരീഷ് ചൗധരി, മേവാറാം ജെയിൻ, പദ്മറാം മേഘ്‌വാൾ എന്നിവരും സംവാദത്തില്‍ പങ്കെടുത്തിരുന്നു.