Double Rank | എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ ഇരട്ട റാങ്ക്, ആഷിക്കിന് ഇത് സ്വപ്‌ന സാഫല്യം - പാലാ ബ്രില്യാന്‍റ് കോച്ചിങ്
കോട്ടയം :ഇരട്ട റാങ്കിന്‍റെ തിളക്കത്തിൽ ഭരണങ്ങാനം നാരിയ്യങ്ങനത്തെ വടക്കേചിറയാത്ത് വീട്. പാലാ ബ്രില്യന്‍റ് കോച്ചിങ് സെന്‍ററിലെ ബയോളജി വിഭാഗത്തിലെ സീനിയർ പ്രൊഫസറായ സ്റ്റെന്നി ജെയിംസിന്‍റെയും ബിനു ജോർജിന്‍റെയും മൂത്ത മകനായ ആഷിക് സ്റ്റെന്നിയാണ് ഇരട്ട റാങ്ക് നേട്ടത്തിൽ നാടിന്‍റെ തിളക്കമായി മാറിയത്. എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ കേരളത്തിൽ നിന്ന് രണ്ടാം റാങ്കാണ് ആഷിക് നേടിയത്.
ജെ ഇ ഇ പരീക്ഷയിൽ ആഷിക് കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവും നേടി. ചെന്നൈ ഐഐടിയിൽ കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിങ് എടുക്കണമെന്ന സ്വപ്‌നമാണ് റാങ്കിന് പ്രചോദനമായതെന്ന് ആഷിക് പറഞ്ഞു. ഇതോടൊപ്പം വീട്ടിൽ നിന്ന് ലഭിച്ച പിന്തുണയും നേട്ടത്തിന് കാരണമായി.
കണക്കായിരുന്നു ആഷിക്കിന്‍റെ ഇഷ്‌ട വിഷയം. പാലാ ബ്രില്യന്‍റ് കോച്ചിങ് സെന്‍ററിലെ പഠനത്തിനൊപ്പം നിരവധി പുസ്‌തകങ്ങളും പത്രങ്ങളുമെല്ലാം വായിക്കുന്നത് ശീലമായിരുന്നു. ആവർത്തിച്ച് വായിച്ച് പഠിക്കുന്നതിന് പകരം എല്ലാം വായിച്ചുമനസിലാക്കി പഠിക്കുന്ന രീതിയായിരുന്നു ആഷിക്കിനെന്നും വായിക്കുമ്പോൾ ഉണ്ടാകുന്ന സംശയം മറ്റുള്ളവരോട് ചോദിക്കാതെ അതിനെ പറ്റി കൂടുതൽ പഠിച്ച് പരിഹരിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നതെന്നും പിതാവ് സ്റ്റെന്നി പറഞ്ഞു.
രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റാൽ രാത്രി പതിനൊന്നുവരെ പഠനത്തിനായി സമയം കണ്ടെത്തിയിരുന്നു. എന്നിരുന്നാലും ഉറക്കം കളഞ്ഞിരുന്ന് പഠിക്കുന്ന രീതിയല്ലായിരുന്നു. പഠനത്തിനോടൊപ്പം കരാട്ടെ പോലുള്ള കായിക പരിശീലനവും ആഷിക് നേടിയിരുന്നു. പത്താം ക്ലാസ് വരെ ഭരണങ്ങാനം അൽഫോൻസ റെസിഡൻഷ്യൽ സ്‌കൂളിലും പ്ലസ്‌ടു ചാവറ പബ്ലിക് സ്‌കൂളിലുമായിരുന്നു ആഷിക് പഠിച്ചിരുന്നത്. ഇരു സ്‌കൂളുകളിലും മുഴുവൻ മാർക്ക് നേടിയാണ് പരീക്ഷകൾ പാസായത്.
കഴിഞ്ഞ ആറുമാസമായി പരീക്ഷയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആഷിക്കിന് കുടുംബവും പൂർണ പിന്തുണ നൽകി. ഇളയ സഹോദരൻ അഖിൽ സ്റ്റെന്നി മാന്നാനം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.