വിരുന്നെത്തി ദേശാടനപ്പക്ഷികള്‍ ; പഴയങ്ങാടിയില്‍ കിളിക്കൂട്ടത്തിന്‍റെ ചിലമ്പല്‍ നിറവ്
കണ്ണൂർ : ഋതുക്കൾ മാറുന്നതിനനുസരിച്ച് ദേശാടനക്കിളികൾ കൂടുവിട്ട് കൂടൊരുക്കുന്നത് പ്രകൃതിയിലെ ഏറ്റവും മനോഹരമായ പ്രതിഭാസമാണ്. വേനൽ കനത്തതോടെ, കാലം മാറിയതോടെ, പതിവ് തെറ്റിക്കാതെ കണ്ണൂർ കുഞ്ഞിമംഗലം ചെമ്പല്ലിക്കുണ്ട്, താവം മേഖലകളിലേക്ക് വിരുന്നുകാരുടെ വരവാണ്. ചതുപ്പ് നിലങ്ങളും വെള്ളക്കെട്ടുകളും വയലുകളും ഏറെയുള്ള പഴയങ്ങാടിയിലെ കൈപ്പാട് മേഖല നിവാസികൾക്ക് പുതുമയല്ല ഈ അതിഥികളുടെ വരവെങ്കിലും, പരിചയമില്ലാത്തവർക്ക് ഇതൊരു അത്ഭുത കാഴ്‌ചയാണ്. പറഞ്ഞുവരുന്നത് പഴയങ്ങാടിയിൽ കൂടുകൂട്ടാനെത്തുന്ന ദേശാടന കിളികളെ കുറിച്ചാണ്.
വേനലിൽ കുളിരായി :കണ്ണൂർ അക്ഷരാർഥത്തിൽ ചുട്ടുപൊള്ളുകയാണ്. തീ ചൂടാണ് കണ്ണൂരിന്‍റെ എല്ലാ മേഖലകളിളും. മലയോര മേഖലകളിലെ കിണറുകൾ പലതും വറ്റി തുടങ്ങി. ഒരു യാത്ര പോകണമെങ്കിൽ പോലും മരത്തിന്‍റെ തണുപ്പ് തേടി ഇടറോഡുകൾ പിടിച്ചുപോകണം.
അങ്ങനെ ഇടറോഡുകൾ കടന്നുപോകുന്ന മേഖലകളാണ് കുഞ്ഞിമംഗലം ചെമ്പല്ലിക്കുണ്ട് താവം മേഖലകൾ. ചതുപ്പ് നിലങ്ങളും വെള്ളക്കെട്ടുകളും വയലുകളും ഏറെയുള്ള പ്രദേശം.
വേനൽ കനത്താൽ ഇവിടങ്ങൾ പക്ഷികളെ കൊണ്ട് സമ്പന്നമാകും. ഇത്തവണയും പതിവ് തെറ്റിക്കാതെ ചെറുകുന്ന് താവം, പള്ളിക്കര ഭാഗങ്ങളിലെ ചതുപ്പ് പ്രദേശങ്ങളിലും ദേശാടന പക്ഷികളുടെ കൂട്ടം വിരുന്നെത്തി കഴിഞ്ഞു. കഠിനമായ ചൂടിൽ തണ്ണീർ തടങ്ങളിലെ വെള്ളം കുറയുമ്പോൾ ചെറുമീനുകൾ തേടിയാണ് പക്ഷികൾ ഇവിടെ എത്തുന്നത്. വൈറ്റ് ലിബ്‌സ്, പവിഴക്കാലി എന്നിവയ്‌ക്കൊപ്പം തന്നെ നാടൻ കൊക്കുകളും, നീർ കാക്കകളുമാണ് ഇവിടെ കൂട്ടമായി എത്തുന്നത്.
പക്ഷികളുടെ എണ്ണം കൂടിയതോടെ ആരെയും ആകർഷിക്കുന്ന മനോഹരമായ കാഴ്‌ച കാണാൻ വൈകുന്നേരങ്ങളിലും രാവിലെയും നിരവധി പേരാണ് പ്രദേശത്തേക്ക് എത്തുന്നത്. കുളക്കൊക്കുകള്‍, നീർക്കാക്കകള്‍ ചേരക്കോഴികള്‍ എന്നിവയുടെ പ്രജനനകേന്ദ്രം കൂടിയാണ് ഈ തണ്ണീർത്തടം.
പയ്യന്നൂരിൽനിന്ന് കണ്ണൂരിലേക്കുള്ള തീവണ്ടിയാത്രയിൽ ചെമ്പല്ലിക്കുണ്ടിന്‍റെ മനോഹരദൃശ്യം കാണാനാകും. രാത്രി കാലങ്ങളിൽ പക്ഷികൾ സമീപത്തെ കണ്ടൽ കാടുകളെയും റെയിൽവേ സ്റ്റേഷൻ പ്രദേശത്തെ മരങ്ങളെയും ആണ് ആശ്രയിക്കുന്നത്. അതേസമയം പല സ്ഥലങ്ങളിലും ചതുപ്പ് നിലങ്ങൾ മണ്ണിട്ട് നികത്തുന്നത് പക്ഷികളുടെ എണ്ണത്തിൽ കുറവ് ഉണ്ടാക്കുന്നുണ്ട് .ചെറുതാഴം പഞ്ചായത്തിലാണ് ചെമ്പല്ലിക്കുണ്ട് തണ്ണീർത്തടങ്ങള്‍ സ്ഥിതിചെയ്യുന്നത്.