ആലുവയിൽ യുവാക്കളെ മർദിച്ച സംഭവം: 3 പേർ അറസ്‌റ്റിൽ, ദൃശ്യങ്ങൾ പുറത്ത്
എറണാകുളം:ആലുവയിൽ യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്‌തു. നിരവധി കേസുകളിൽ പ്രതിയായ ആലുവയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി വിഷ്‌ണു (34), കണ്ണൂർ സ്വദേശി ജിജിൻ മാത്യു (34), കളമശ്ശേരി സ്വദേശി രാജേഷ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവർ യാത്ര ചെയ്‌ത ഓട്ടോറിക്ഷയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്‌ത യുവാക്കളെ ഓട്ടോ ഡ്രൈവറും കൂടെയുണ്ടായിരുന്നവരും നഗരമധ്യത്തിൽ വച്ച് കഴിഞ്ഞ ദിവസം ക്രൂരമായി മർദിച്ചിരുന്നു. എലൂക്കര സ്വദേശി നസീഫ്, സുഹൃത്ത് ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്. ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡിൽ ഗതാഗതം തടസപെടുത്തിയായിരുന്നു മർദിച്ചത്.
also read:ഓട്ടോ കാറില്‍ ഉരസിയത് ചോദ്യം ചെയ്‌തു ; ആലുവയില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം, ദൃശ്യം പുറത്ത്
ഓട്ടോ കാറിലുരസിയത് ചോദ്യം ചെയ്‌തു: ശനിയാഴ്‌ച വൈകിട്ട് 6.30 ഓടെ ആലുവ ബൈപാസിൽ ദേശീയപാതയുടെ സമാന്തര റോഡ് വഴി കാറിൽ അങ്കമാലിയിലേക്ക് പോവുകയായിരുന്നു യുവാക്കൾ. ഇതേസമയം ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് തെറ്റായ ദിശയിൽ വന്ന ഓട്ടോ കാറിൽ ഉരസി നിർത്താതെ പോവുകയായിരുന്നു. ഇതേ തുടർന്ന് ഓട്ടോയെ പിന്തുടർന്ന് എത്തിയ നസീഫും സുഹൃത്ത് ബിലാലും ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്‌തു.
ഇതോടെയാണ് ഓട്ടോ ഡ്രൈവറും കൂടെയുണ്ടായിരുന്നവരും ചേർന്ന് ആക്രമണം അഴിച്ചുവിട്ടത്. കാറിലുരസിയിട്ടും ഓട്ടോ നിർത്താതെ പോയതിനെ കുറിച്ച് ചോദിക്കുക മാത്രമാണ് തങ്ങൾ ചെയ്‌തതെന്നും പ്രകോപനമില്ലാതെ മർദിക്കുകയായിരുന്നുവെന്നും മർദനമേറ്റ നസീഫ് പൊലീസിനോട് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരിൽ ചിലർ അക്രമികളെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല.
ഉടുമുണ്ട് അഴിഞ്ഞിട്ടും നിർത്താതെ മർദനം: മർദനമേറ്റ് നിലത്തുവീണ യുവാക്കളെ ചവിട്ടുകയും ശേഷം കല്ലും, വടിയും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. പ്രാണരക്ഷാർഥം യുവാക്കൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മർദനത്തിനിടെ അക്രമികളിലൊരാളുടെ ഉടുമുണ്ട് അഴിഞ്ഞ് വീണിരുന്നു. അതിന് ശേഷവും നഗ്നനായി ഇയാൾ മർദനം തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.
മര്‍ദനവും മോഷണവും: ഇരുവരും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതികൾ കാറിൻ്റെ ചില്ല് തകർക്കുകയും കാറിലുണ്ടായിരുന്ന പേഴ്‌സും പണവും അപഹരിക്കുകയും ചെയ്‌തതായി യുവാക്കൾ പൊലീസിൽ പരാതി നൽകി. യുവാക്കളുടെ പരാതിയിൽ ആലുവ പൊലീസ് വിശദമായ മൊഴിയെടുത്ത് കേസെടുത്തിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഒളിവിൽ പോയ പ്രതികളെ പൊലീസ് 24 മണിക്കൂറിനുള്ളിലാണ് പിടികൂടിയത്.