അരിക്കൊമ്പൻ പൂശാനംപെട്ടിക്കടുത്ത്; അരിക്കൊമ്പൻ ഫാൻസും മൃഗസ്നേഹികളും ഇന്ന് ധർണ നടത്തും - Arikomban Latest update
ഇടുക്കി: അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ പൂശാനംപെട്ടിക്കടുത്ത്. ഇന്നലെ രാത്രിയിൽ ലഭിച്ച സിഗ്നൽ അനുസരിച്ച് പൂശാനംപെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റർ ഉൾവനത്തിലാണ് കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ഷൺമുഖ നദി ഡാമിൽ നിന്ന് ആറ് കിലോമീറ്ററോളം അകലെയാണിത്. ആരോഗ്യം വീണ്ടെടുത്തതോടെ സഞ്ചരിക്കുന്ന സ്ഥലത്തിന്‍റെ വിസ്‌തീർണവും കൂടിയിട്ടുണ്ട്.
വനത്തിനുള്ളിൽ തുടരുന്ന അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ മുതുമലയിൽ നിന്നുള്ള പ്രത്യേക സംഘത്തിന്‍റെ സഹായത്തോടെയാണ് നിരീക്ഷിക്കുന്നത്. ആന വനാതിർത്തി കടന്ന് ജനവാസ മേഖലയിലെത്തി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തമിഴ്‌നാട് വനം വകുപ്പിന്‍റെ തീരുമാനം. മയക്കുവെടി വച്ച് ഒരു മാസം മാത്രമായതിനാൽ വീണ്ടും വെടി വയ്ക്കുന്നത് ആനയുടെ ആരോഗ്യത്തെ ബാധിക്കുമോയെന്ന കാര്യവും തമിഴ്‌നാട് വനം വകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.
അരിക്കൊമ്പന് വേണ്ടി ധർണ: ഇന്ന് തിരുവനന്തപുരത്ത് അരിക്കൊമ്പന് ഐക്യദാർഢ്യം എന്ന പേരിൽ മൃഗസ്നേഹികളും സംഘടനകളും ഒന്നിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ കാമ്പയിൻ നടക്കുന്നുണ്ട്. പീപ്പിൾ ഫോർ അനിമൽസ് തിരുവനന്തപുരം ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം വഴുതക്കാടുള്ള വനം വകുപ്പ് ആസ്ഥാനത്തേക്ക് ധർണ സംഘടിപ്പിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ മൃഗസ്നേഹികളുടെ ഗ്രൂപ്പുകളിൽ നടക്കുന്ന ക്യാമ്പയിനുകളിൽ അറിയിച്ചിട്ടുള്ളത്.
ഇതിനിടെ അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഹർജിയെ എതിർത്തു. ആന ഒരു സംസ്ഥാനത്തിന്‍റെ ഭാഗമെന്ന് പറയാനാവില്ലെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു.
അരിക്കൊമ്പന് സംരക്ഷണമൊരുക്കുക, കേരളത്തിലേക്ക് കൊണ്ട് വരിക, ആനയ്ക്ക് ചികിത്സ ലഭ്യമാക്കുക തുടങ്ങി മൂന്ന് ആവശ്യങ്ങളാണ് സാബു എം ജേക്കബ് മുന്നോട്ട് വച്ചത്. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. അരിക്കൊമ്പന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ എന്നും ജീവിതത്തില്‍ എപ്പോഴെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.