അരിക്കൊമ്പൻ കമ്പം ടൗണിൽ: വാഹനങ്ങൾ തകർത്ത് നാട് വിറപ്പിച്ച് വിളയാട്ടം - കമ്പംമെട്ട്
ഇടുക്കി : കമ്പം ടൗണിൽ ഭീതി പരത്തി അരിക്കൊമ്പൻ. ഇന്ന് രാവിലെയോടെയാണ് കമ്പം ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ എത്തിയത്. അഞ്ച് വാഹനങ്ങൾ ഇതിനോടകം ആന തകർത്തു. ഒരാൾക്ക് പരിക്കേറ്റു.
കമ്പംമെട്ട്- കമ്പം പാതയിലാണ് നിലവിൽ അരിക്കൊമ്പൻ. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ പിടികൂടുവാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് വനംവകുപ്പും പൊലീസും. ഉച്ചകഴിഞ്ഞ് അരിക്കൊമ്പനെ പിടികൂടുമെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. രണ്ട് കുങ്കിയാനകളെ എത്തിച്ചായിരിക്കും അരിക്കൊമ്പനെ പിടികൂടുമെന്നും ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ ഇറങ്ങുമെന്നും വനം വകുപ്പ് അറിയിച്ചു.
Also read :അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലക്കടുത്ത്; ആനയെ തുരത്താൻ വനംവകുപ്പ് ആകാശത്തേക്ക് വെടിവച്ചു
കുമളി ജനവാസ മേഖലയ്ക്ക് നൂറ് മീറ്റർ അകലെ അരിക്കൊമ്പനെ വ്യാഴാഴ്‌ച രാത്രിയോടെ കണ്ടെത്തിയിരുന്നു. തുടർന്ന് അരിക്കൊമ്പനെ തുരത്താനായി വനംവകുപ്പ് ആകാശത്തേക്ക് വെടിയുതിർത്തു. കുമളി റോസാപൂകണ്ടത്താണ് അരിക്കൊമ്പൻ എത്തിയത്. ഏപ്രിൽ 29നാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പെരിയാർ കടുവ സങ്കേതത്തിൽ തുറന്ന് വിട്ടത്. അതിന് ശേഷം ആദ്യമായാണ് അരിക്കൊമ്പൻ ജനവാസ മേഖലയ്ക്ക് ഇത്രയടുത്ത് എത്തിയത്.