video: തുമ്പിക്കൈ ലോറിക്ക് പുറത്തിട്ട് കമ്പം ടൗൺ ആസ്വദിച്ച് അരിക്കൊമ്പൻ... വീഡിയോ - മേഘമല
കമ്പം : തമിഴ്‌നാട്ടിലെ കമ്പത്ത് ജനവാസ മേഖലയില്‍ വിഹരിച്ച അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി അനിമല്‍ ആംബുലൻസില്‍ കൊണ്ടുപോകുന്ന ദൃശ്യം വൈറലാകുന്നു. ഇന്നലെ രാത്രിയാണ് (ജൂൺ നാല്) തേനി ജില്ലയിലെ പൂശാനാംപെട്ടിക്ക് സമീപത്ത് ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ രണ്ട് തവണ മയക്കുവെടി വച്ച ശേഷം പിടികൂടിയത്. പിന്നീട് കുങ്കിയാനകളുടെ സഹായത്തോടെ അനിമല്‍ ആംബുലൻസില്‍ കയറ്റി മേഘമലയിലെ വെള്ളിമല ഉൾക്കാട്ടിലേക്ക് കൊണ്ടുപോയി.
അനിമല്‍ ആംബുലൻസില്‍ കയറ്റിയപ്പോൾ യാതൊരു കൂസലും കൂടാതെ തുമ്പിക്കൈ പുറത്തിട്ട് നില്‍ക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങൾ രാവിലെ പുറത്തുവന്നിരുന്നു. അതിനു ശേഷം കമ്പം ടൗണിലൂടെ അരിക്കൊമ്പനെ അനിമല്‍ ആംബുലൻസില്‍ കൊണ്ടുപോകുമ്പോൾ തുമ്പിക്കൈ ലോറിക്ക് പുറത്തിട്ടത് കാണാമായിരുന്നു. കമ്പം ടൗണിലെ ട്രാഫിക് സിഗ്നല്‍ കടക്കുമ്പോൾ മറ്റ് വാഹനങ്ങളില്‍ തൊട്ടുരുമ്മിയാണ് അരിക്കൊമ്പന്‍റെ തുമ്പിക്കൈ കടന്നുപോയത്.
തമിഴ്‌നാട്ടിലെ കമ്പത്തും പരിസരത്തും ജനവാസ മേഖലയില്‍ ആശങ്ക സൃഷ്‌ടിച്ച അരിക്കൊമ്പനെ പിടികൂടാൻ തമിഴ്‌നാട് വനംവകുപ്പ് മെയ് 27 മുതല്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ മെയക്കുവെടി വയ്ക്കാൻ തീരുമാനിച്ചപ്പോൾ അരിക്കൊമ്പൻ കാട് കയറി. ഇതേ തുടർന്ന് ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയപ്പോൾ മയക്കുവെടി വെച്ച് പിടികൂടിയത്. ഏപ്രില്‍ 29നാണ് കേരളത്തിലെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്.
Also read :അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി തമിഴ്‌നാട് വനംവകുപ്പ്; വെള്ളിമല വനത്തിലേക്ക് മാറ്റാന്‍ നീക്കം