തുരത്താൻ എത്തിയവരെയെല്ലാം തിരിച്ചോടിച്ച് അരിക്കൊമ്പൻ; കുങ്കിയാനകളെ കമ്പത്ത് എത്തിക്കാൻ തമിഴ്‌നാട്, ടൗണിൽ പരാക്രമം തുടർന്നാൽ മയക്കുവെടി - തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പൻ
കമ്പം : കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അധികൃതർ മയക്കുവെടി വച്ചേക്കുമെന്നാണ് സൂചന. കുങ്കിയാനകളെ കമ്പത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട്. ആകാശത്തേക്ക് വെടിവച്ച് ആനയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്.
മുമ്പ് ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ, ഇത്തവണത്തെ ആന നാശനഷ്‌ടങ്ങൾ വരുത്തി. ആയിരക്കണക്കിനാളുകൾ താമസിക്കുന്ന മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്.
കമ്പം ടൗണിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന പതിവില്ല. കേരളത്തിലും തമിഴ്‌നാട്ടിലും വൻ വാർത്ത പ്രാധാന്യം നേടിയ അരിക്കൊമ്പൻ ടൗണിലെത്തിയതറിഞ്ഞ് നിരവധി പേരാണ് കമ്പത്തേക്ക് പാഞ്ഞെത്തിയത്. കമ്പത്ത് പുളിമരങ്ങൾക്കിടയിലാണ് അരിക്കൊമ്പൻ. തമിഴ്‌നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതിനാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്‌നാട് വനംവകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ട്.
ഇന്ന് രാവിലെയോടെയാണ് അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ഏപ്രിൽ 29നാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പെരിയാർ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്.