അരിക്കൊമ്പനെ പെരിയാറിൽ തുറന്നു വിട്ടു; ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് വനംവകുപ്പ്
ഇടുക്കി: ചിന്നക്കനാലിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടിയ കാട്ടാനയായ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. കടുവ സങ്കേതത്തിലെ ഉൾവനത്തിലാണ് ആനയെ തുറന്നുവിട്ടത്. ജനവാസ മേഖലയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണിത്.
രാത്രി രണ്ട് മണിയോടെ സീനിയറോഡ വനമേഖലയിലെ മേതകാനത്താണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ച റേഡിയോ കോളർ വഴി അരിക്കൊമ്പന്‍റെ നീക്കങ്ങൾ വനം വകുപ്പ് നിരീക്ഷിക്കുകയാണ്. മംഗളാദേവി ക്ഷേത്ര കവാടത്തിൽ അരിക്കൊമ്പനെ പൂജകളോടെയാണ് സ്വീകരിച്ചത്.
രാത്രി 10 മണിയോടെ തേക്കടിയിൽ എത്തിച്ച അരിക്കൊമ്പനെ ഡോക്‌ടേഴ്‌സ് പരിശോധിച്ചിരുന്നു. കൊമ്പന്‍റെ ദേഹത്ത് മുറിവുകൾ കണ്ടെത്തിയതിനാൽ ആന്‍റിബയോട്ടിക് ഉൾപ്പെടെ നൽകിയിട്ടുണ്ട്. 11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്.
കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. കാലുകള്‍ ബന്ധിച്ച ശേഷം കുങ്കിയാനകള്‍ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. എന്നാൽ, അർധബോധാവസ്ഥയിലും അരിക്കൊമ്പൻ കടുത്ത പ്രതിരോധം തീർക്കുകയായിരുന്നു. അരിക്കൊമ്പന്‍ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും ദൗത്യസംഘം വച്ചു. അപ്രതീക്ഷിതമായി എത്തിയ കോടമഞ്ഞും കനത്ത മഴയും കാറ്റും ദൗത്യത്തിന് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.
ആന ആരോഗ്യവാനാണെന്നും ശരീരത്തിലെ മുറിവുകൾ പ്രശ്‌നമുള്ളതല്ലെന്നും ഡോക്‌ടേഴ്‌സ് അറിയിച്ചു. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്നും വനംവകുപ്പ് അറിയിച്ചു.