അരിക്കൊമ്പനെ മെരുക്കാനെത്തിയ കുങ്കിയാനകളെ കാണാന്‍ വന്‍ തിരക്ക്; താവളം മാറ്റി വനംവകുപ്പ് - കാട്ടാന
ഇടുക്കി: ആക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് അനന്തമായി നീളുന്നതിലൂടെ ദൗത്യത്തിനെത്തിച്ച കുങ്കിയാനകളുടെ താവളം വനംവകുപ്പ് മാറ്റി. സിമന്‍റ് പാലത്ത് കുങ്കിയാനകളെ കാണാൻ സന്ദർശകരുടെ തിരക്കേറിയതും അരിക്കൊമ്പനും ചക്കക്കൊമ്പനും താവളത്തിന് സമീപമെത്തുന്നത് സ്ഥിരമായതുമാണ് ക്യാമ്പ് മാറ്റാൻ കാരണം. നിലവില്‍ 301 കോളനിക്കടുത്തുള്ള ഭാഗത്തേക്കാണ് കുങ്കിയാനകളെ മാറ്റിയത്.
അരിക്കൊമ്പൻ ദൗത്യത്തിനായി കഴിഞ്ഞ 20നാണ് ആദ്യത്തെ കുങ്കിയാന വിക്രമിനെ ചിന്നക്കനാലിൽ എത്തിച്ചത്. അടുത്ത ദിവസങ്ങളിലായി ബാക്കി മൂന്ന് കുങ്കിയാനകളുമെത്തി. 26 ദിവസമായിട്ടും ദൗത്യം എന്ന് നടക്കുമെന്ന കാര്യത്തിൽ വ്യക്തതയൊന്നുമില്ല. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെ ദൗത്യം ഇനിയും നീളുമെന്ന കാര്യം ഉറപ്പായി. സിമന്‍റ് പാലത്തെ താത്‌കാലിക ക്യാമ്പിലാണ് കുങ്കിയാനകളെ തളച്ചിരുന്നത്.
സിമന്‍റുപാലത്ത് അരിക്കൊമ്പനും ചക്കക്കൊമ്പനുമെത്തുന്നത് പതിവാകുകയും ഇതോടൊപ്പം തുടക്കം മുതൽ തന്നെ ആനകളെ കാണാൻ സഞ്ചാരികളുടെ വൻ തിരക്കുമായിരുന്നു. അവധിക്കാലമായതോടെ ഈ സഞ്ചാരികളുടെ എണ്ണവും കൂടി. കുങ്കിയാനകളെ കാണാനെത്തുന്ന സഞ്ചാരികളെ ആക്രമിക്കാൻ അരിക്കൊമ്പനും കാട്ടാനക്കൂട്ടവും പലതവണ പാഞ്ഞടുത്തിട്ടുണ്ട്. കുങ്കിയാനകളേയും സഞ്ചാരികളേയും കാട്ടാന ആക്രമിക്കുന്നത് തടയാൻ വനംവകുപ്പും പാപ്പാന്മാരും ഏറെ പണിപ്പെടുകയാണ്.
ശാന്തൻപാറയ്‌ക്കടുത്ത് ഗൂഡംപാറയിലേക്കാണ് ആദ്യം കുങ്കിയാനകളെ മാറ്റാൻ തീരുമാനിച്ചത്. എന്നാൽ, ഇവിടെ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ സന്ദർശകരെത്താത്ത 301 കോളനി ഭാഗത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, ദൗത്യം നീളുന്നത് വൻ സാമ്പത്തിക ബാധ്യതക്കും കാരണമായിട്ടുണ്ട്. പത്ത് ലക്ഷം രൂപയോളം വനം വകുപ്പ് ഇതിനകം ചെലവഴിച്ചെന്നാണ് വിവരം. ഇതിനിടെ അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോൾ ഘടിപ്പിക്കേണ്ട ജിപിഎസ് കോളർ ചൊവ്വാഴ്‌ചയോടെ മൂന്നാറിലെത്തിയേക്കും.