'ദൗത്യം പൂർത്തിയായി', കുങ്കിയാനകൾ ചിന്നക്കനാൽ വിടുന്നു: അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തിയില്‍ - സൂര്യൻ
ഇടുക്കി : അരിക്കൊമ്പൻ ദൗത്യം പൂർത്തിയാക്കി കുങ്കിയാനകൾ ചിന്നക്കനാലിൽ നിന്നും മടങ്ങുന്നു. അരിക്കൊമ്പന്‍റെ ആക്രമണങ്ങൾ മൂലം ദുരിതം നേരിട്ട നാട്ടുകാർ ആദരവ് നൽകിയാണ് നാല് കുങ്കിയാനകളെയും പാപ്പാന്മാരെയും ചിന്നക്കനാലിൽ നിന്നും യാത്രയാക്കുന്നത്. അനുയോജ്യമായ സ്ഥലത്ത് വച്ച് ആനയെ മയക്കുവെടി വയ്ക്കാനായതാണ് ദൗത്യം വിജയച്ചതിന്‍റെ പ്രധാന കാരണമെന്ന് പാപ്പാന്‍മാര്‍ പറയുന്നു.
ഏഷ്യയിലെ മികച്ച കുങ്കിയാനകളിൽ ഒന്നായ ആനമല കലീമിന്‍റെ നേതൃത്വത്തിലുള്ള സംഘം 2017ൽ അരിക്കൊമ്പന്‍ ദൗത്യം പൂർത്തീകരിക്കാനാകാതെ മടങ്ങുകയായിരുന്നു. എന്നാൽ, ഇത്തവണ ദൗത്യം വിജയത്തിലേക്ക് അടുക്കുമ്പോഴും കരുത്തരായ നാല് കുങ്കിയാനകൾക്കെതിരെയും അരിക്കൊമ്പൻ പ്രതിരോധം തീർത്ത് രക്ഷപ്പെടാൻ പഴുതുകൾ തേടി. എന്നാൽ കോന്നി സുരേന്ദ്രൻ, വിക്രം, കുഞ്ചു, സൂര്യൻ എന്നീ കുങ്കിയാനകൾ ദൗത്യം പൂർണവിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
കുഞ്ചുവും സൂര്യനും സുരേന്ദ്രനും പ്രതിരോധം തീർക്കുകയും വിക്രം അരിക്കൊമ്പനെ വാഹനത്തിലേക്ക് കയറ്റുകയുമായിരുന്നു. ദൗത്യത്തിൽ സുരേന്ദ്രന് പരിക്ക് പറ്റുകയും ചെയ്‌തു. എന്നാൽ, ദൗത്യത്തിൽ നിന്ന് പിന്മാറാതെ നാല് പേരും ഒന്നിച്ച് നിന്ന് അരിക്കൊമ്പനെ പ്രതിരോധിച്ചു. അരിക്കൊമ്പൻ ദൗത്യം പൂർത്തീകരിച്ചതിന്‍റെ ക്ഷീണമൊന്നും നാൽവർ സംഘത്തിന് ഇല്ല.
അരിക്കൊമ്പൻ കേരള അതിർത്തിയില്‍ : അതേസമയം, തുറന്ന് വിട്ട സ്ഥലത്ത് നിന്നും 7 കിലോമീറ്റർ അകലെ തമിഴ്‌നാട് വനമേഖലയുടെ അതിർത്തിയിലേക്ക് അരിക്കൊമ്പൻ നീങ്ങുന്നതായി വനം വകുപ്പ് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ തോട്ടം മേഖലയിലേക്ക് കടന്നാൽ തുരത്തി ഓടിക്കാനുള്ള സർവസന്നാഹങ്ങളുമായി തമിഴ്‌നാട് വനം വകുപ്പ് തയാറായിക്കഴിഞ്ഞു.
പെരിയാർ വനത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോർട്ട്. പൂർണമായും മയക്കത്തിൽ നിന്ന് മുക്തനായി സാധാരണ നിലയിലേക്ക് കാട്ടാന മാറിയെന്നും വനം വകുപ്പ് വിലയിരുത്തി. ജിപിഎസ് കോളറിൽ നിന്ന് കൃത്യമായി സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായി വനം വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് വനമേഖലയിലേക്ക് കടന്നാൽ ചിന്നക്കനാലിന് സമാനമായ തോട്ടം മേഖലയാണ്. അതിനാൽ തന്നെ തമിഴ്‌നാട് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.