അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലക്കടുത്ത്; ആനയെ തുരത്താൻ വനംവകുപ്പ് ആകാശത്തേക്ക് വെടിവച്ചു
ഇടുക്കി:അരിക്കൊമ്പൻ വീണ്ടും കുമളി ജനവാസമേഖലക്ക് സമീപം നൂറ് മീറ്റർ അകലെ ഇറങ്ങി. അരിക്കൊമ്പനെ തുരത്താൻ വനംവകുപ്പ് ആകാശത്തേക്ക് വെടിവച്ചു. കുമളി റോസാപൂകണ്ടത്താണ് ഇന്നലെ രാത്രിയിൽ അരിക്കൊമ്പൻ എത്തിയത്.
പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടതിന് ശേഷം കേരളത്തിൽ ഇതാദ്യമായാണ് അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇത്രയടുത്ത് എത്തുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോട് കൂടിയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയെ തുരത്തിയത്.
ആദ്യം അരിക്കൊമ്പൻ പിന്മാറിയെങ്കിലും വീണ്ടും ജനവാസ മേഖലയിലേക്ക് നടന്ന് വന്നതോടെ കൂടുതൽ തവണ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ആന പിൻവാങ്ങിയത്. തുടർന്ന് വനമേഖലയിലേക്ക് വനപാലകർ ആനയെ തുരത്തി. നിലവിൽ ജനവാസ മേഖലയിൽ നിന്നും ഒന്നര കിലോമിറ്ററോളം ഉള്ളിലാണ് അരിക്കൊമ്പൻ നിൽക്കുന്നത്. വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്. കഴിഞ്ഞദിവസം കുമളി ടൗണിന് ആറ് കിലോമീറ്റർ അകലെ വരെ അരിക്കൊമ്പൻ എത്തിയിരുന്നു. അരിക്കൊമ്പൻ ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയതിന്‍റെ ആശങ്കയിലാണ് നാട്ടുകാർ. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.