അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത്; ജനവാസ മേഖലയിലേക്ക് എത്തിയാൽ മയക്കുവെടി വയ്‌ക്കും, നിരീക്ഷിച്ച് തമിഴ്‌നാട് വനം വകുപ്പ്
ഇടുക്കി :അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത് എത്തിയതായി തമിഴ്‌നാട് വനം വകുപ്പ്. മുൻപ് നിലയുറപ്പിച്ചിരുന്ന മേഖലയിൽ നിന്നും അഞ്ച് കിലോമിറ്ററോളം സഞ്ചരിച്ചാണ് അണക്കെട്ട് പരിസരത്ത് എത്തിയിട്ടുള്ളത്. ഇന്ന് പുലർച്ചെ ചുരുളിപെട്ടിയ്‌ക്ക് സമീപം ഒന്നര കിലോമിറ്ററോളം ഉള്ളിലായി വനമേഖലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരുന്നത്.
പിന്നീട് കൂതാനാച്ചി ക്ഷേത്രത്തിന് 200 മീറ്റർ അടുത്ത് വരെ ആന എത്തി. മണിക്കൂറുകളോളം ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ച ശേഷം വീണ്ടും സഞ്ചരിക്കുകയായിരുന്നു. നിലവിൽ ഷണ്മുഖ നദി അണകെട്ട് പരിസരത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന വനമേഖലയിലൂടെയാണ് ആനയുടെ സഞ്ചാരം. കമ്പത്തെ ജനവാസ മേഖലയിൽ ഭീതി സൃഷ്‌ടിച്ച അരിക്കൊമ്പന്‍റെ സഞ്ചാര പാതയിൽ തമിഴ്‌നാട് വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി ആക്രമണ സ്വഭാവം പ്രകടിപ്പിച്ചാൽ മയക്കുവെടി വെച്ച് പിടികൂടി മേഘമലയിലെ ഉൾവനത്തിലേക്ക് കൊണ്ടു പോകും.