കേരളം

kerala

Archaeological research in Idukki under the private agency

ETV Bharat / videos

പുരാവസ്‌തു ഗവേഷണത്തിന്‍റെ പേരില്‍ സ്വകാര്യ ഏജന്‍സിയുടെ സര്‍വേ ; ആശങ്ക പങ്കുവച്ച് ഇടുക്കി ജനത - ആർ വി ജി മേനോൻ

By

Published : Aug 7, 2023, 9:53 AM IST

ഇടുക്കി:പുരാവസ്‌തു ഗവേഷണത്തിന്‍റെ പേരില്‍ സ്വകാര്യ ഏജന്‍സിയുടെ സര്‍വേയിൽ ആശങ്കയോടെ ഇടുക്കിയിലെ ജനങ്ങൾ. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളും കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തുന്നത്. ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമായ, ജില്ലയില്‍ നടത്തുന്ന പുതിയ സര്‍വേ സംശയത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. മുന്‍കാലങ്ങളില്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ പല സര്‍വേകളും പിന്നീട്, ഇടുക്കിയിലെ ഭൂവിഷയങ്ങളും ജനജീവിതവും സങ്കീര്‍ണമാക്കിയതിനാലാണ്, പുതിയ സര്‍വേ സംബന്ധിച്ച് ആശങ്കയുയരുന്നത്. നിലവില്‍ ജില്ലയില്‍ പുരോഗമിയ്ക്കുന്ന ഡിജിറ്റല്‍ സര്‍വേ പോലും ആശങ്കയുടെ നിഴലിലാണ്. പല മേഖലകളിലും കൈവശ ഭൂമി, സര്‍ക്കാര്‍ ഭൂമിയെന്ന് രേഖപ്പെടുത്തിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇടുക്കിയിലെ 861 തദ്ദേശ സ്വയം ഭരണ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഫീല്‍ഡ് സര്‍വേ നടത്തി, വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യാനാണ്, സ്വകാര്യ ഏജന്‍സിയുടെ പദ്ധതി. നിലവില്‍ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സര്‍വേ നടത്തി. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പാമ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പപ്പിനി റിസര്‍ച്ച് സെന്‍ററും ചേര്‍ന്നാണ് സര്‍വേ നടത്തുന്നത്. ജര്‍മനി, പോളണ്ട്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും സഹകരിക്കുന്നുണ്ട്. മുസിരിസ് കാലഘട്ടത്തിലെ സംസ്‌കാരത്തിന്‍റെ ശേഷിപ്പുകള്‍ ഇടുക്കിയില്‍ ഉണ്ടെന്നാണ് സ്വകാര്യ ഏജന്‍സിയുടെ വാദം. ഇത് കണ്ടെത്തി പഠനം നടത്തുകയും മേഖലയിലെ ടൂറിസം വികസിപ്പിയ്ക്കുകയുമാണ് ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു. പഠനത്തിന്‍റെ ഭാഗമായി മുന്‍കാലങ്ങളില്‍ ചരിത്ര, അവശിഷ്‌ടങ്ങള്‍ ലഭിച്ച മേഖലകള്‍ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ശേഖരിയ്ക്കുന്നതിന് പകരം ജില്ല മുഴുവന്‍ സര്‍വേ നടത്തുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. വൊളണ്ടിയര്‍മാരുടെ സഹായത്തോടെ എല്ലാ വാര്‍ഡുകളില്‍ നിന്നും, പുരാതന സംസ്‌കാരത്തിന്‍റെ അവശിഷ്‌ടങ്ങളായ നന്നങ്ങാടികള്‍, മുനിയറകള്‍, നാട്ടുകല്ലുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ശേഖരിച്ച് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി, ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യമെന്ന് ഏജന്‍സി പറയുന്നു. ശേഖരിക്കുന്ന വിവരങ്ങള്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിനും കേരളത്തിലെ വനം, പട്ടിക വര്‍ഗ വകുപ്പുകള്‍ക്കും ജര്‍മനിയിലേയും പോളണ്ടിലേയും ഏജന്‍സികള്‍ക്കും കൈമാറും. സര്‍വേ വിവാദമായ സാഹചര്യത്തില്‍ വിവിധ കര്‍ഷക സംഘടനകളും, സാമുദായിക സംഘടനകളും, വിവര ശേഖരണം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details