ക്രിസ്‌മസിന് പ്ലാസ്റ്റിക് വേണ്ട; കോട്ടയത്ത് കൃഷി വകുപ്പിന്‍റെ 'ഒറിജിനല്‍ ക്രിസ്‌മസ് ട്രീ'
Published : Dec 18, 2023, 6:41 PM IST
കോട്ടയം : പ്ലാസ്റ്റിക് രഹിത ക്രിസ്‌മസ് ആഘോഷത്തിന് ഒരുങ്ങി കൃഷി വകുപ്പ്. പ്ലാസ്റ്റിക് ക്രിസ്‌മസ് ട്രീയ്‌ക്ക് പകരം ക്രിസ്‌മസ് ട്രീ ആക്കാന്‍ കഴിയുന്ന ചെടികള്‍ തയ്യാറാക്കി വില്‍പ്പനയ്‌ക്ക് എത്തിച്ചിരിക്കുകയാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം. ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ (Araucaria and golden cypress trees) എന്നിവയാണ് വില്‍പന നടത്തുന്നത്. ക്രിസ്‌മസ് ആഘോഷങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി വകുപ്പിന്‍റെ കോട്ടയം കോഴയിലെ കാര്‍ഷിക ഫാമിലാണ് ചെടികള്‍ വില്‍പനയ്‌ക്ക് വച്ചിരിക്കുന്നത് (Natural Christmas trees in Kottayam govt Farm). ഇവിടെ തന്നെ വളര്‍ത്തിയതാണ് വില്‍പനക്കൊരുങ്ങിയ ഗോള്‍ഡന്‍ സൈപ്രസ് തൈകളും അരക്കേറിയ തൈകളും. പ്ലാസ്റ്റിക് ക്രിസ്‌മസ് ട്രീകള്‍ക്ക് പകരം പ്രകൃതിയോട് ഇണങ്ങുന്നതും ദോഷമില്ലാത്തതുമായ ഇത്തരം ചെടികള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കാര്‍ഷിക ഫാം സൂപ്രണ്ട് ഹണി ലിസ ചാക്കോ പറഞ്ഞു. 300 രൂപയാണ് ഒരു ചെടിയുടെ വില. അരക്കേറിയ ഉയരം വയ്‌ക്കുന്ന സസ്യമാണ്. ഗോള്‍ഡന്‍ സൈപ്രസ് ആകട്ടെ ഉയരം കുറഞ്ഞതും വെട്ടി രൂപപ്പെടുത്താന്‍ കഴിയുന്നതുമായ ചെടിയാണ്. വീട്ടുമുറ്റത്ത് ഇവ വളര്‍ത്തിയാല്‍ അല്‍പം പൊക്കം ആകുമ്പോള്‍ മുതല്‍ ക്രിസ്‌മ് ട്രീ ആയി ഉപയോഗിക്കാം. ഇത്തരം ചെടികള്‍ക്ക് ആവശ്യക്കാരും ഏറെയാണ്.