കേരളം

kerala

Antony Raju denied allegations of Eugine Pereira

By ETV Bharat Kerala Team

Published : Sep 18, 2023, 8:04 AM IST

ETV Bharat / videos

Antony Raju denied allegations of Eugine Pereira | 'മന്ത്രിസ്ഥാനം നൽകാൻ യൂജിന്‍ പെരേരയാണോ എല്‍ഡിഎഫ് കണ്‍വീനര്‍..? ആരോപണം തള്ളി ആന്‍റണി രാജു

തിരുവനന്തപുരം: ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരക്കെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി ആന്‍റണി രാജു. യൂജിൻ പെരേരയുടെ പ്രസ്‌താവന മറുപടി അർഹിക്കുന്നതല്ലെന്നും ഇടതുമുന്നണിയുടെ മന്ത്രിയെ തീരുമാനിക്കുന്നത് അദ്ദേഹമല്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (Antony Raju denied allegations of Eugine Pereira). യൂജിൻ പെരേര മുഖ്യമന്ത്രിയോ എൽഡിഎഫ് കൺവീനറോ അല്ല. തരംതാഴ്ന്ന പ്രസ്‌താവനയാണ് യൂജിൻ പെരേര നടത്തിയത്. വൈദികന്‍റെ നാവിൽ നിന്ന് ഇത്തരം പച്ചക്കള്ളം വരുന്നത് ശരിയല്ല. യൂജിൻ പെരേരയാണ് ലത്തീൻ സഭയെന്ന് ധാരണയുണ്ടെങ്കിൽ അത് മാറ്റുകയും വ്യാജ പ്രസ്‌താവന പിൻവലിക്കുകയും വേണം. തീരപ്രദേശത്ത് സംഘർഷമുണ്ടാക്കി മുതലെടുക്കാൻ ശ്രമം നടത്തുന്ന യൂജിൻ പെരേരയെ പ്രദേശത്തെ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. താനും ലത്തീൻ സഭ അംഗമാണെന്നും ഞങ്ങളൊക്കെ ഉണ്ടെങ്കിലേ നിങ്ങളൊക്കെയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിനെ ആരും ലത്തീൻ സഭയുടെ അധിപനായി സംസാരിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ല. ഇങ്ങനെ കയറൂരി വിട്ടാൽ സഭയ്‌ക്ക് ഭൂഷണമല്ലെന്നും ബന്ധപ്പെട്ടവർ യൂജിൻ പേരേരയെ നിയന്ത്രിക്കണം. താൻ മന്ത്രിയായത് ലാറ്റിൻ കാത്തലിക് അസോസിയേഷന്‍റെ തീരുമാന പ്രകാരമല്ലെന്നും താൻ ഒരു സമുദായത്തിന്‍റെ മന്ത്രിയല്ലെന്നും ആന്‍റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിസ്ഥാനത്തിനായി ലത്തീന്‍ സഭയുടെ സഹായം തേടിയെന്നും രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാന്‍ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാൻ  ആന്‍റണി രാജു സമീപിച്ചതായുമാണ് യൂജിൻ പെരേര മറുപടി നൽകിയിരുന്നത്. അഞ്ച് വര്‍ഷത്തേക്കുള്ള മന്ത്രി സ്ഥാനത്തിന് ഓശാരം പറയിക്കാന്‍ തന്നെ നേരിട്ട് വന്ന്  ആന്‍റണി രാജു കണ്ടിട്ടുണ്ടെന്നും യൂജിൻ പെരേര പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details