Hunters arrested in idukki | ഇടുക്കിയിൽ വീണ്ടും വേട്ടക്കാർ പിടിയിൽ ; ഇവരില്‍ നിന്ന് നാടൻ തോക്കുകള്‍ പിടികൂടി - ദിനേശ്
ഇടുക്കി : ജില്ലയിൽ വീണ്ടും വേട്ടക്കാർ പിടിയിലായി. രാജാക്കാട് സ്വദേശികളായ ഡസിൻ, ദിനേശ് എന്നിവരെയാണ് അതിർത്തി മേഖലയായ ബോഡിമെട്ടിൽ നിന്നും വനംവകുപ്പ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് നാടൻ തോക്കുകളും പിടികൂടി. കഴിഞ്ഞ രാത്രിയിൽ ബോഡിമെട്ടിനു സമീപത്തെ വന മേഖലയിൽ നിന്നും വെടിയൊച്ച കേട്ടിരുന്നു. ഇതേത്തുടർന്ന് ദേവികുളം റേഞ്ച് ഓഫിസർ വെജി പി വിയുടെയും ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയൻ ജലധരന്‍റെയും നേതൃത്വത്തിൽ വന മേഖലയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തി. ഇന്ന് പുലർച്ചെ ബോഡിമെട്ട് ചെക്ക് പോസ്റ്റിന് സമീപത്ത് വച്ചാണ് ഓട്ടോറിക്ഷയിൽ സഞ്ചരിയ്ക്കുകയായിരുന്ന പ്രതികളെ പിടികൂടിയത്. വേട്ടയ്ക്കായി ഇവർ കൊണ്ടുവന്ന നാടൻ തോക്കും കണ്ടെടുത്തു. തോക്ക് ശാന്തൻപാറ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ വനംവകുപ്പ് മുന്നംഗ വേട്ട സംഘത്തെ പിടികൂടിയിരുന്നു. തോക്കും തിരകളും നാല് മാസം മുൻപ് ഈ സംഘം വേട്ട നടത്തിയ ഭാഗത്ത് നിന്നും കാട്ടു പോത്തിന്‍റെ അവശിഷ്‌ടങ്ങളും കണ്ടെത്തിയിരുന്നു. അതിർത്തി വന മേഖലയോട് ചേർന്നുള്ള പ്രദേശത്ത് നിന്നും വേട്ട സംഘങ്ങളെ പിടികൂടിയതോടെ മേഖലയിൽ, വനം വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്.