Anil antony| ബിജെപിയിലെത്തിയത് നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായി; സ്ഥാനമാനങ്ങൾ മോഹിച്ചിട്ടില്ലെന്ന് അനിൽ ആന്‍റണി - Modi
തൃശൂർ :പുതുപ്പള്ളിയിൽ താൻ മത്സരിക്കും എന്നത് മാധ്യമസൃഷ്‌ടി മാത്രമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. താൻ ബിജെപിയിലേക്ക് വന്നത് സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചല്ലെന്നും മോദിജിയുടെ കഴിഞ്ഞ ഒൻപത് വർഷത്തെ വികസന പ്രവർത്തനങ്ങൾ കണ്ടാണെന്നും അനിൽ ആന്‍റണി പറഞ്ഞു. തൃശൂരിൽ നടക്കുന്ന കോർ കമ്മിറ്റി യോഗത്തിന് എത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയിലെ മറ്റ് കോടിക്കണക്കിന് യുവാക്കളെപ്പോലെ നരേന്ദ്ര മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള വീക്ഷണത്തിൽ പൂർണമായും വിശ്വസിക്കുന്നു. അദ്ദേഹത്തിന് ഇന്ത്യയെക്കുറിച്ച് വ്യക്‌തമായ കാഴ്‌ചപ്പാടുണ്ട്. ഇന്നത്തെ ഇന്ത്യ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് മികച്ച രീതിയിൽ മുന്നോട്ട് പോയിട്ടുണ്ട്. ഇന്ന് ഇന്ത്യ ലോക രാജ്യങ്ങൾക്ക് മുന്നിൽ വലിയ ശക്‌തിയായി മാറിയിരിക്കുന്നുവെന്നും അനിൽ ആന്‍റണി പറഞ്ഞു. അതേസമയം ബിജെപി സ്ഥാനാർഥിയെ പാർട്ടി തന്നെ തീരുമാനിക്കുമെന്നും പാർട്ടി തരുന്ന ചുമതലകൾ അനുസരിക്കുക മാത്രമാണ് തന്‍റെ ഉത്തരവാദിത്തമെന്നും അനിൽ ആന്‍റണി വ്യക്‌തമാക്കി. കോർ കമ്മറ്റി യോഗത്തിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുക്കുമെന്നും പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചയിലും പങ്കു ചേരുമെന്നും അനിൽ ആന്‍റണി കൂട്ടിച്ചേർത്തു.