Anil Akkara With New Allegation: 'കൊവിഡ് കാലത്ത് 'കെഡാവർ ബാഗില്‍' വരെ വന്‍ അഴിമതി': അനില്‍ അക്കര - തൃശൂര്‍ മെഡിക്കല്‍ കോളജ്
Published : Oct 26, 2023, 5:46 PM IST
തൃശൂര്‍: കൊവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടന്നത് വന്‍ അഴിമതിയെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കര. മരിച്ചവരുടെ മൃതദേഹങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള 'കെഡാവർ ബാഗ്' വാങ്ങിയതിൽ വരെ വന്‍ അഴിമതി നടന്നു. 3,700ഓളം പേരാണ് തൃശൂർ മെഡിക്കൽ കോളജിൽ കൊവിഡ് കാലത്ത് മരിച്ചത്. 2,000 ബാഗുകള്‍ സൗജന്യമായാണ് ലഭിച്ചത്. 1,000 ബാഗുകള്‍ ബാഗ് ഒന്നിന് 409 രൂപ നിരക്കില്‍ ഇ ടെൻഡര്‍ വഴിയും വാങ്ങി. ബാക്കി ആവശ്യമായ 700 ബാഗുകൾക്ക് 31 ലക്ഷം മുടക്കിയെന്ന തരത്തിലുള്ള ബില്ല് ചൂണ്ടിക്കാട്ടുന്നത് വന്‍ അഴിമതിയാണെന്നും അനില്‍ അക്കര ആരോപിച്ചു. എന്‍എച്ച്എം ഫണ്ടായതിനാല്‍ വിഷയം കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. അടുത്തിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയും കൊടകര കുഴല്‍പ്പണ കേസും തമ്മില്‍ ബന്ധമുണ്ടെന്നും അനില്‍ അക്കര ആരോപിച്ചിരുന്നു. കൊടകര കുഴല്‍പ്പണ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചുള്ള ഒത്തുതീര്‍പ്പ് സംബന്ധിച്ചാണ് മുഖ്യമന്ത്രിയുമായി എം കെ കണ്ണന്‍ ചര്‍ച്ച നടത്തിയതെന്നും അനില്‍ അക്കര ആരോപണമുയര്‍ത്തിയിരുന്നു. തൊട്ടുപിന്നാലെ അനില്‍ അക്കര ഉയര്‍ത്തിയ ആരോപണം അതീവ ഗൗരവതരമാണെന്നറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തത്തിയിരുന്നു.