PM Modi in US| അംബാനിയും മഹീന്ദ്രയും, ഒപ്പം പിച്ചൈയും നദല്ലയും; വൈറ്റ് ഹൗസ് വിരുന്നില്‍ മോദിക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള വിഐപികള്‍ - സുന്ദര്‍ പിച്ചൈ
വാഷിങ്‌ടണ്‍: അംബാനി മുതല്‍ മഹീന്ദ്ര വരെ. ഒപ്പം സുന്ദര്‍ പിച്ചൈയും സത്യ നദല്ലയും. വൈറ്റ് ഹൗസ് വിരുന്നില്‍ മോദിക്കൊപ്പം പങ്കെടുത്ത് വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വിഐപികള്‍.
അമേരിക്ക-ഇന്ത്യ സൗഹൃദവും ഇരു സംസ്‌കാരങ്ങളും വിളിച്ചോതിയ ഊഷ്‌മളമായ വിരുന്നില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി വിഐപികള്‍ക്കും ക്ഷണം ലഭിച്ചിരുന്നു. വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, ആനന്ദ് മഹീന്ദ്ര, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല, നെറ്റ്ഫ്ലിക്‌സ് ചീഫ് കണ്ടന്‍റ് ഓഫിസര്‍ ബേല ബജാരിയ, മലയാളിയായ അമേരിക്കന്‍ ചലച്ചിത്ര സംവിധായകന്‍ മനോജ് നൈറ്റ് ശ്യാമളന്‍ തുടങ്ങിയവരായിരുന്നു വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍.
ഇന്നലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കിയത്. മോദിക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള അതിഥികള്‍ക്ക് പുറമെ അമേരിക്കയിലെ പ്രമുഖരും വിരുന്നില്‍ പങ്കെടുത്തു. യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അതിഥികള്‍ക്കുള്ള ഭക്ഷണവും മറ്റ് അലങ്കാരങ്ങളും നടന്നത്. അമേരിക്കയുടെ തനത് വിഭവങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ രുചികളും വിളമ്പിയ വിരുന്നില്‍ പരസ്‌പരം ചിയേഴ്‌സ് പറഞ്ഞ് മോദിയും ബൈഡനും സൗഹൃദം പങ്കുവച്ചു.