Aluva Incident | 5 വയസുകാരിയുടെ കൊലപാതകം : പ്രതിയുടെ തിരിച്ചറിയൽ പരേഡിന് കോടതി അനുമതി - എറണാകുളം
എറണാകുളം:ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ, പ്രതിയുടെ തിരിച്ചറിയൽ പരേഡിന് അനുമതി നൽകി കോടതി. ആലുവ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം, പ്രതി അസ്‌ഫാക് ആലത്തിനായുള്ള കസ്റ്റഡി അപേക്ഷ പോക്സോ കോടതി നാളെ പരിഗണിക്കും. പ്രതിയുടെ തെളിവെടുപ്പ് ഉൾപ്പടെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കുട്ടിയെ കൊലപ്പെടുത്തിയ ആലുവ മാർക്കറ്റിന് പിന്നിലെ പറമ്പിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. പ്രാഥമികമായ ചോദ്യം ചെയ്യലിൽ കൊല നടത്തിയത് തനിച്ചാണെന്ന് പ്രതി മൊഴി നൽകിയെങ്കിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. ദൃക്‌സാക്ഷി താജുദ്ദീന്‍, പ്രതിക്ക് പിന്നാലെ രണ്ടുപേർ നടന്നുപോകുന്നത് കണ്ടെന്ന് മൊഴി നൽകിയിരുന്നു. ഈ കാര്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണ്. അതേസമയം ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് മിന്നൽ പരിശോധന നടത്തി. പ്രതി അസ്‌ഫാക് ആലം താമസിച്ച മുറിയിലും സംഘം പരിശോധന നടത്തി. ഇയാളുടെ മുറിയിൽ നിന്ന് ലഹരി വസ്‌തുക്കൾ ഒന്നും കണ്ടെത്താനായില്ല. വൈദ്യുതിയില്ലാത്ത ഒറ്റ മുറിയിൽ പ്രതിയുൾപ്പടെ മൂന്ന് പേരായിരുന്നു താമസിച്ചിരുന്നത്. ആലുവയിലും പരിസരപ്രദേശങ്ങളിലുമായി അമ്പതിലേറെ ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. പരിശോധനയിൽ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിവസ്‌തുക്കൾ പിടിച്ചെടുത്തു. എക്സൈസ് കമ്മിഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന തുടരുമെന്നും എക്സൈസ് അറിയിച്ചു. ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാകിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പ്രതി ലഹരി വസ്‌തുക്കൾ ഉപയോഗിച്ച നിലയിലായിരുന്നു. ഇതേതുടർന്ന് ആദ്യ ഘട്ടത്തിൽ പ്രതിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ മാർക്കറ്റ് പരിസരം ഇതര സംസ്ഥാനക്കാർ ലഹരി ഉപയോഗ കേന്ദ്രമാക്കി മാറ്റിയെന്ന ആരോപണമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.