കേരളം

kerala

കാസർകോട് കേന്ദ്ര സർവകലാശാലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനങ്ങൾ

ETV Bharat / videos

കാസർകോട് കേന്ദ്ര സർവകലാശാലയിൽ ഇൻഫർമേഷൻ സൈന്‍റിസ്റ്റ് തസ്‌തികയിലെ നിയമനത്തില്‍ ക്രമക്കേടെന്ന് പരാതി ; വിവരാവകാശ രേഖ പുറത്ത് - മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം

By

Published : Apr 9, 2023, 5:00 PM IST

കണ്ണൂർ : കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇൻഫർമേഷൻ സൈന്‍റിസ്റ്റ് തസ്‌തികയിലേക്കുള്ള നിയമനത്തില്‍ ക്രമക്കേടെന്ന് പരാതി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇൻഫർമേഷൻ സൈന്‍റിസ്റ്റ് തസ്‌തികയിൽ നിയമനം നടത്തിയതെന്ന് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടി കണ്ണൂരിലെ പിലാത്തറ കുളപ്പുറം സ്വദേശി രഞ്ജിത്ത് രാജൻ രംഗത്തെത്തി. 11 മാസത്തെ പ്രവൃത്തി പരിചയം ഒരു വർഷമായി കണക്കാക്കിയാണ് ഒന്നാം റാങ്കുകാരിയെ നിശ്ചയിച്ചതെന്ന് വിവരാവകാശരേഖ പ്രകാരം വ്യക്തമാണെന്ന് ഈ പോസ്റ്റിലേക്കുള്ള ഉദ്യോഗാര്‍ഥി കൂടിയായ രഞ്ജിത്ത് ചൂണ്ടിക്കാട്ടുന്നു.

സർവകലാശാലയിലെ ഇൻഫർമേഷൻ സൈന്‍റിസ്റ്റ് തസ്‌തികയിൽ നിയമനം നടത്തിയത് അഭിമുഖത്തിൽ മാർക്ക് ദാനം ഉൾപ്പടെ നടത്തിയാണെന്നാണ് പരാതി. സർവകലാശാല ചട്ട പ്രകാരം ഒരു വർഷത്തെ പ്രവൃത്തി പരിചയത്തിന് നാല് മാർക്കാണ്. എന്നാൽ 11 മാസം മാത്രം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥിക്ക് 4 മാർക്ക് കൂടുതൽ നൽകി ഒന്നാം റാങ്കിൽ എത്തിച്ചെന്ന് വിവരാവകാശ രേഖ മുന്‍നിര്‍ത്തി രഞ്ജിത് വിശദീകരിക്കുന്നു.  

എം.ടെക്കിൻ്റെ തത്തുല്യ യോഗ്യത സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമല്ല, ഉചിതമല്ല തുടങ്ങിയ വിചിത്ര മറുപടികൾ നൽകി കേന്ദ്ര സർവകലാശാല അധികൃതർ രണ്ട് തവണയും വിവരാവകാശ അപേക്ഷ മടക്കിയിരുന്നു. യോഗ്യത വ്യക്തിഗത വിവരങ്ങളുടെ പരിധിയിൽ വരുമെന്നും അതിനാൽ നൽകാനാകില്ലെന്നുമായിരുന്നു മറുപടി. അപ്പീലിലും ഇതേ മറുപടി ലഭിച്ചതിനെ തുടർന്ന് രഞ്ജിത്ത് രാജൻ കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണറെ സമീപിച്ചു. തുടർന്ന് ഒരു വർഷത്തിനുശേഷം, ഇൻഫർമേഷൻ കമ്മിഷണർ, ഉദ്യോഗാര്‍ഥിക്ക് വിവരങ്ങൾ നൽകണമെന്ന് ഉത്തരവിട്ടു .അങ്ങനെ ലഭ്യമായ രേഖയിലാണ് 11 മാസം മാത്രം പ്രവൃത്തി പരിചയമുള്ള വ്യക്തിയെയാണ് നിയമിച്ചതെന്ന് വ്യക്തമായിരിക്കുന്നത്.

ഇൻഫർമേഷൻ സൈൻ്റിസ്റ്റ് തസ്‌തികയിലേക്ക് ഒരു ഒഴിവ് മാത്രമാണ് ഉണ്ടായിരുന്നത്. തസ്‌തികയ്ക്ക് പിജിഡിസിഎ മാത്രം ഒരു യോഗ്യതയല്ലാതിരുന്നിട്ടും ഇന്‍റർവ്യൂവിന് ശേഷമുള്ള സ്കോർ ലിസ്റ്റിൽ പിജിഡിസിഎ മാത്രം യോഗ്യതയുള്ളവരെയും കാണാം. കേന്ദ്ര സർവകലാശാലയിലെ നിയമനങ്ങൾ സംബന്ധിച്ച സുതാര്യതയില്ലായ്‌മയിലേക്കും ദുരൂഹതയിലേക്കുമാണ് പുറത്തുവന്ന രേഖകൾ വിരൽചൂണ്ടുന്നതെന്നാണ് രഞ്ജിത്തിന്‍റെ പക്ഷം.

ABOUT THE AUTHOR

...view details