All about Puthuppally Bypoll Voting പുതുപ്പളളിയില്‍ പോളിങ് സാമഗ്രികള്‍ എത്തി, ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരും; ബൂത്തിലേക്ക് നീങ്ങുമ്പോള്‍ അറിയേണ്ടതെല്ലാം - പോളിങ് ഉദ്യോഗസ്ഥർ
Published : Sep 4, 2023, 6:49 PM IST
കോട്ടയം:പുതുപ്പള്ളി (Puthuppally) നാളെ (05.09.2023) പോളിങ് ബൂത്തിലേക്ക് (Polling Station). ഇതിന്‍റെ ഒരുക്കങ്ങൾ പൂർത്തീകരിച്ചുകൊണ്ട് പോളിങ് സാമഗ്രികളുടെ (Polling Equipment) വിതരണം പൂർത്തിയാക്കുകയും പോളിങ് ഉദ്യോഗസ്ഥർ (Polling Officers) ബൂത്തുകളിലേക്കും നീങ്ങി. ചൊവ്വാഴ്‌ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിങ് സമയം. ഏഴു സ്ഥാനാർഥികളാണ് (Candidates) മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ് പുതുപ്പള്ളി നിയോജകമണ്ഡലത്തിലുള്ളത്. മാത്രമല്ല ഇത്തവണം 957 പുതിയ വോട്ടർമാരുണ്ട്. ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർഭയമായി സമ്മതിദാന അവകാശം (Voting) ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മിഷൻ പൊതുനിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പൊലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. പോളിങ് സാമഗ്രി വിതരണം തിങ്കളാഴ്‌ച (04.09.2023) പൂർത്തിയായി. കോട്ടയം ബസേലിയോസ് കോളജിൽ നിന്നാണ് പോളിങ് സാധനങ്ങൾ വിതരണം ചെയ്‌തത്. 182 പ്രിസൈഡിങ് ഓഫിസർ, 182 ഫസ്‌റ്റ് പോളിങ് ഓഫിസർ, 182 സെക്കൻഡ് പോളിങ് ഓഫിസർ, 182 തേഡ് പോളിങ് ഓഫിസർ എന്നിങ്ങനെയാണ് പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 144 ഉദ്യോഗസ്ഥരെ റിസർവ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ച് പേരായിരിക്കും ഒരു പോളിങ് സംഘത്തിലുണ്ടാവുക. 16 സെക്‌ടറൽ മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. 182 ബൂത്തുകളിലും വെബ്‌കാസ്‌റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്‌ച രാവിലെ 5.30 മുതൽ പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കലക്‌ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും. പോളിങ് സ്‌റ്റേഷന്‍റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്. വോട്ടെടുപ്പിന്‍റെ സുരക്ഷയ്ക്കായി 675 അംഗ പൊലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈഎസ്‌പിമാർ, ഏഴ് സിഐമാർ, 58 എസ്.ഐ/എഎസ്ഐമാർ, 399 സിവിൽ പൊലീസ് ഓഫിസർമാർ, 142 സായുധ പൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 64 കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾ (സിഎപിഎഫ്) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വോട്ടുചെയ്യുന്നതിനായി വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ്. വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.